പ്രണയം പൂവണിഞ്ഞു; നടി ഭാവന വിവാഹിതയാവുന്നു

കൊച്ചി: മലയാള സിനിമാ നടി ഭാവന വിവാഹിതയാവുന്നു. കന്നഡ സിനിമയിലെ യുവനിര്‍മാതാവാണ് വരന്‍. പേര് വെളിപ്പെടുത്താന്‍ സമയമായിട്ടില്ലെന്നും ഭാവന പറഞ്ഞു.ഏറെക്കാലമായി താന്‍ പ്രണയത്തിലാണെന്നും പക്വതയുള്ള ഒരാളെ വിവാഹം കഴിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നെന്നും ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം വെളിപ്പെടുത്തിയത്. 2014 ല്‍ വിവാഹിതയാവണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ചില ഉത്തരവാദിത്വങ്ങള്‍ കാരണം നീണ്ടു പോവുകയായിരുന്നു. വിവാഹം ഈ വര്‍ഷമുണ്ടാകുമെന്ന് ഭാവനയുടെ അടുത്ത ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബന്ധുക്കള്‍ തയാറായില്ല. ഇക്കാര്യം വിശദമായി ഭാവന തന്നെ പറയുമെന്ന നിലപാടാണ്. ഹലോ നമസ്‌തേയാണ് ഭാവനയുടേതായി പുതിയതായി റിലീസായ ചിത്രം. ഹണീ ബി രണ്ടാം ഭാഗം, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്നിവയാണ് ഭാവനയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.