വ്യാജ വിവാഹ വാര്‍ത്ത; ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ വലിയ ദുഃഖമുണ്ട്; നടി ഭാവന നിയമനടപടിക്ക്

വിവാഹിതയാകുന്നുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് നടി ഭാവന. വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാളത്തിലെ മുന്‍നിര വെബ്‌സൈറ്റുകള്‍ക്കെതിരെ കോടതിയില്‍ പോകുമെന്ന് ഭാവന പറഞ്ഞു. സോഷ്യല്‍മീഡിയ വഴി വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കും. ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ വലിയ ദുഃഖമുണ്ടെന്നും ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ ആരും ഷെയര്‍ ചെയ്യരുതെന്നും ഭാവന പറയുന്നു. എല്ലാ മാസവും തന്റെ പേരില്‍ വിവാഹവാര്‍ത്ത പ്രചരിക്കുന്നത് സ്ഥിരം കാഴ്ചയായി മാറുകയാണെന്നും. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ അതിന്റെ സത്യാവസ്ഥ പോലും മനസ്സിലാക്കാതെ ഒരുപാട് പേര്‍ തന്നെ വിളിച്ച് വിവാഹക്കാര്യം അന്വേഷിക്കുമെന്നും ഭാവന പറഞ്ഞു.ഒരാളുമായി താന്‍ അഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്നും അത് തന്റെ വീട്ടുകാര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ഭാവന തുറന്നു പറഞ്ഞു.അയാളെ തന്നെ വിവാഹം കഴിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഭാവന പറഞ്ഞു.വിവാഹം എന്നത് വലിയൊരു വാര്‍ത്തയായി ആഘോഷിക്കാനില്ലെന്നും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് നടത്തുന്ന ചടങ്ങായിരിക്കും തന്റേതെന്നും ഭാവന പറഞ്ഞു.