ഉന്നത പൊലീസുകാരന്റെ ബന്ധുവെന്ന വ്യാജേന വന്‍ തട്ടിപ്പ്; വീട്ടമ്മമാരെ വലയിലാക്കി ലൈംഗിക ചൂഷണവും; മദ്ധ്യവയസ്‌ക്കന്‍ പിടിയില്‍

പത്തനംതിട്ട: ഉന്നത പൊലീസുകാരന്റെ ബന്ധുവെന്ന വ്യാജേന വന്‍ തട്ടിപ്പ് നടത്തുന്ന  മദ്ധ്യവയസ്‌ക്കന്‍ പിടിയില്‍. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറാണെന്നും ഡിവൈഎസ്പി, സി.ഐ എന്നിവരുടെ ബന്ധുവാണെന്നും സ്വയം പരിചയപ്പെടുയാണ് പണം തട്ടിയെടുക്കുന്നത്. കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കില്‍ മൈനാഗപ്പള്ളി കടപ്പയില്‍ കൊച്ചുവീട്ടില്‍ കിഴക്കേതില്‍ രാജേന്ദ്രന്‍പിള്ള (51) യെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

സ്ത്രീകളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും അവരില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം കൈപ്പറ്റുകയും ചെയ്യും. ഇയാളുടെ വാചകത്തില്‍വീണ് പലര്‍ക്കും അബദ്ധം പറ്റിയിരുന്നു. പണം വാങ്ങിയശേഷം ഇക്കൂട്ടരുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും രംഗം മൊബൈലില്‍ പകര്‍ത്തുകയും ചെയ്യാറുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. പണം തിരികെ ചോദിച്ചാല്‍ മൊബൈലിലെ രംഗങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്താറാണ് പതിവ്. പന്തളം സ്വദേശിനി നല്‍കിയ പരാതിയിലാണ് പൊലീസ് രാജേന്ദ്രന്‍പിള്ളയെ അറസ്റ്റുചെയ്തത്. ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസില്‍ നിന്നും ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന വാഗ്്ദാനവുമായി പരിചയപ്പെടുകയും ലോണ്‍ ലഭിച്ച ശേഷം ലോണായി ലഭിച്ച രണ്ടുലക്ഷം രൂപയും സ്വര്‍ണം പണയം വച്ചു നല്‍കിയ ഒരു ലക്ഷം രൂപയും കൂടി അമ്മയുടെ ചികിത്സയ്ക്കായി അമൃത ആശുപത്രിയില്‍ നല്‍കാന്‍ വേണമെന്ന പേരിലാണ് പന്തളം സ്വദേശിനിയുടെ കൈയ്യില്‍ നിന്നും ഇയാള്‍ കടം വാങ്ങിയത്. പണം തിരികെ ലഭിക്കാതായതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്. മറ്റ് ജില്ലകളിലും ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു. ഭയം മൂലം പലരും പരാതി നല്‍കാന്‍ മടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.