കേന്ദ്ര റെയില്‍വേ ബജറ്റ് ഇന്ന്; പ്രതീക്ഷയുടെ ട്രാക്കില്‍ കേരളം; പുതിയ ചൂളം വിളികള്‍ ഉണ്ടാകുമോ?

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ ബജറ്റ് ഇന്ന് റെയില്‍ മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ അവതരിപ്പിക്കും. പ്രതീക്ഷയോടെയാണ് കേരളം റെല്‍വേ ബജറ്റിനെനോക്കിക്കാണുന്നത്.പുതിയ വണ്ടികള്‍, പാതകള്‍ എന്നിവയെക്കാള്‍ കേരളത്തില്‍ പാത ഇരട്ടിപ്പിക്കലിന് ഊന്നല്‍ ലഭിക്കുമെന്നാണ് സൂചനകള്‍. നരേന്ദ്ര മോദി സര്‍ക്കാറിന്റെ രണ്ടാമത്തെ സമ്പൂര്‍ണ റെയില്‍വേ ബജറ്റാണ് ഇത്.

തിരുവനന്തപുരം ചെങ്ങന്നൂര്‍ സബേര്‍ബന്‍ കോറിഡോര്‍ പദ്ധതി കേരളം മുന്നോട്ടു വച്ചിട്ടു രണ്ടു വര്‍ഷമായെങ്കിലും ഇതുവരെ റയില്‍വേ ബജറ്റില്‍ ഇടം നേടിയിട്ടില്ല. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ (125 കിലോമീറ്റര്‍) മിനിറ്റുകളുടെ ഇടവേളയില്‍ മെമു ട്രെയിന്‍ സര്‍വീസാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി ഓട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനവും പ്ലാറ്റ്‌ഫോം നവീകരണവുമുള്‍പ്പെടെ 3500 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. അങ്കമാലി ശബരി പാത കാലടി വരെ എട്ടു കിലോമീറ്റര്‍ പണി തീര്‍ന്നെങ്കിലും ബാക്കി എന്നു നടക്കുമെന്നു പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. ശബരിമല തീര്‍ഥാടകരെ ലക്ഷ്യമാക്കി നിര്‍മിക്കുന്ന പാത റയില്‍വേ കടന്നു ചെന്നിട്ടില്ലാത്ത പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ ഉള്‍പ്പെടെ എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്കും ഇടുക്കി ജില്ലയ്ക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ്. 1566 കോടി രൂപയാണു പുതുക്കിയ എസ്റ്റിമേറ്റ്. കാലടി മുതല്‍ പെരുമ്പാവൂര്‍ വരെ 17 കിലോമീറ്റര്‍ പാത പൂര്‍ത്തിയാക്കാനാവശ്യമായ 100 കോടി രൂപയാണു ഇത്തവണ ആവശ്യപ്പെട്ടിരിക്കുന്നത്. ബാംഗ്ലൂരുവിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുന്ന പദ്ധതിക്കായി ഇ.ശ്രീധരന്‍ തയലറാക്കിയ പുതുക്കിയ അലൈന്റമെന്റിന്റെ സര്‍വേ റയില്‍വേ പൂര്‍ത്തിയാക്കാനുണ്ട്. മുന്‍പു നിശ്ചയിച്ച രൂപരേഖ അധികബാധ്യതയുണ്ടാക്കുമെന്നതിനാല്‍ റയില്‍വേ, പദ്ധതിക്കു അംഗീകാരം നല്‍കിയിരുന്നില്ല. 4266 കോടി രൂപയാണു ആദ്യം ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍ ആദ്യ മൂന്നു സര്‍വേകളിലും കാര്യമായ പിഴവുകളുണ്ടെന്നു ചൂണ്ടിക്കാണിച്ച ഡിഎംആര്‍സി മുഖ്യഉപദേഷ്്ടാവ് ഇ.ശ്രീധരന്‍ ചെലവു കുറഞ്ഞതും ദൂരം കുറവുള്ളതുമായ പുതിയ റൂട്ടാണു നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സര്‍വേ നടത്തേണ്ടതുണ്ട്. പദ്ധതി ഇത്തവണയെങ്കിലും ബജറ്റില്‍ ഇടം നേടുമോയെന്നു കാണാം.

© 2024 Live Kerala News. All Rights Reserved.