ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. 92 വര്‍ഷമായി തുടര്‍ന്നുവന്ന കീഴ്‌വഴക്കം അവസാനിക്കുന്നു. ഇനി മുതല്‍ പ്രത്യേക റെയില്‍ ബജറ്റ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കില്ല. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ പൊതുബജറ്റില്‍ ലയിപ്പിച്ചായിരിക്കും റെയില്‍ ബജറ്റ് അവതരിപ്പിക്കുക. ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. ഇനി മുതല്‍ റെയില്‍വേയുടെ റവന്യൂ കമ്മിയും മൂലധന ചെലവും ധനമന്ത്രാലയത്തിനായിരിക്കും സമര്‍പ്പിക്കുക. ബജറ്റുകള്‍ ലയിപ്പിക്കുന്നതോടെ റെയില്‍വേയുടെ കണ്‍വന്‍ഷന്‍ കമ്മിറ്റി പിരിച്ചുവിടും. പൊതുബജറ്റിന്റെ ഒരു പ്രധാന ഭാഗമായി ആയിരിക്കും റെയില്‍ ബജറ്റ് കൊണ്ടുവരിക.രണ്ടു ബജറ്റുകളും ഒരുമിച്ച് അവതരിപ്പിക്കണമെന്ന ശിപാര്‍ശ ഈ വര്‍ഷം ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി കേന്ദ്രത്തിന് സമര്‍പ്പിച്ചത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 25നകം വിളിച്ചു ചേര്‍ക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ബജറ്റ് നടപടികള്‍ മുന്‍കാലത്തെ അപേക്ഷിച്ച് മൂന്നാഴ്ച മുന്‍പ് ഒക്‌ടോബര്‍ ആദ്യവാരം ആരംഭിക്കും. ധനമന്ത്രാലയത്തിന്റെ് എക്‌സ്‌പെന്‍ഡീച്ചര്‍ വിഭാഗത്തിന്റെ അര്‍ദ്ധവാര്‍ഷിക അവലോകനം നവംബര്‍ 15നകം പൂര്‍ത്തിയാക്കും. ബജറ്റ് ചര്‍ച്ചകളും മറ്റും ജനുവരി 25നകം പൂര്‍ത്തിയാക്കും. സ്റ്റാറ്റിറ്റിക്‌സ് വിഭാഗത്തിന്റെ ജി.ഡി.പി ആസൂത്രണം ഫെബ്രുവരി ഏഴിനകം പൂര്‍ത്തിയാക്കും. ഫെബ്രുവരി പകുതിയോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കും. ബജറ്റ് തയ്യാറാക്കലിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയാലുടന്‍ ധനമന്ത്രാലയത്തിലെ ബജറ്റ് വിഭാഗം ഈ നടപടിയുമായി മുന്നോട്ടുപോകും.