മുംബൈയില്‍ ഇന്നും കനത്ത മഴയ്ക്കു സാധ്യത; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

 

mumbai rainമുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈ നിവാസികള്‍ വീട്ടിനുള്ളില്‍ തന്നെ കഴിയണമെന്ന് മുന്നറിയിപ്പ്. 15 ദിവസം പെയ്യേണ്ട മഴയാണ് ഇന്നലെ മുംബൈയില്‍ പെയ്തത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ രീതിയില്‍ മഴ പെയ്യാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. മഴയെത്തുടര്‍ന്ന് ഇന്നലെ രണ്ടുപേര്‍ മരിച്ചു. വൈദ്യുതാഘാതമേറ്റാണ് ഇവര്‍ മരിച്ചത്. ട്രാക്കുകളില്‍ വെള്ളം നിറഞ്ഞതിനാല്‍ ട്രെയിന്‍ ഗതാഗതം ഇന്നലെ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.എന്നാല്‍ രാവിലെ റയില്‍പ്പാതകളിലെ വെള്ളക്കെട്ട് ഇറങ്ങിയതിനാല്‍ പശ്ചിമ റയില്‍വേയുടെ സബര്‍ബന്‍, ദീര്‍ഘദൂര ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. മെയിന്‍ ലൈന്‍, ഹാര്‍ബര്‍, ട്രാന്‍സ് ഹാര്‍ബര്‍ ലൈന്‍സ് എന്നിവയിലെ സബര്‍ബന്‍ സര്‍വീസുകള്‍ വെള്ളക്കെട്ടു കുറഞ്ഞതിനാല്‍ പുനരാരംഭിച്ചെന്ന് മധ്യറയില്‍വെയും അറിയിച്ചു.പൊതുജനങ്ങളോട് അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ഇന്നും പുറത്തിറങ്ങരുതെന്ന് അറിയിച്ചിട്ടുള്ളതായി ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) കമ്മിഷണര്‍ അജോയ് മെഹ്ത അറിയിച്ചു. സ്‌കൂളുകള്‍ക്ക് ഇന്നും അവധി നല്‍കയിട്ടുണ്ട്. 283 എംഎം മഴയാണ് മുംബൈയില്‍ പെയ്തത്. ഇതു അപ്രതീക്ഷിതമാണെന്നും വിലയിരുത്തലുണ്ട്. മൂന്നുമീറ്ററിലധികം ഉയരമുള്ള തിരമാലകള്‍ അടിക്കാമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ചിലപ്പോഴത് നാല് മീറ്റര്‍ വരെ ഉയരാം.

rain railwayതെരുവുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്തു മാറ്റുന്നതിന് 262 പമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ 140 എണ്ണം നിര്‍ത്താതെ നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. 212 ബസുകളുടെ റൂട്ട് മാറ്റേണ്ടിവന്നു. വെള്ളക്കെട്ടിനെ തുടര്‍ന്നു നഗരത്തില്‍ 13 സ്ഥലങ്ങളില്‍ ഗതാഗതം വഴിമാറ്റിവിടേണ്ടി വന്നു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസക്യാംപുകളിലേക്കു മാറ്റി.വ്യോമഗതാഗതത്തെയും മഴസാരമായി ബാധിച്ചു. മഴയും വെള്ളക്കെട്ടും രൂക്ഷമായതിനെത്തുടര്‍ന്ന് നഗരത്തിലെല്ലായിടത്തും രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ നാവികസേനയും സജ്ജമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ് അറിയിച്ചു. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരേയും ബോട്ടുകളും നഗരത്തില്‍ പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.