കോടതിയിലെ വനിതാ ജീവനക്കാര്‍ക്ക് പോണ്‍ ചിത്രങ്ങള്‍ കാണിച്ചു; കര്‍ണാടകയില്‍ ജില്ലാ ജഡ്ജിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ബാംഗ്ലൂര്‍: കോടതിയിലെ വനിതാ ജീവനക്കാരെ ഔദ്യോഗിക ലാപ്‌ടോപ്പില്‍ പോണ്‍ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചെന്ന കേസില്‍, ബെളഗാവി ജില്ലാക്കോടതി ജഡ്ജി എ.എന്‍. ഹക്കീമിനെ (57) ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. നാലുവര്‍ഷത്തെ അന്വേഷണത്തിനു ശേഷം ജനുവരി 22ന് ആണു ജില്ലാ ജഡ്ജിക്കെതിരെ കര്‍ണാടക ഹൈക്കോടതി നടപടി സ്വീകരിച്ചത്. ഹക്കീമിന്റെ മോശം പെരുമാറ്റത്തെക്കുറിച്ചു 2011 നവംബറില്‍ അന്നത്തെ ചീഫ് ജസ്റ്റിസിന് ഊമക്കത്തു ലഭിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്നു 2011 നവംബര്‍ എട്ടിനു ഹൈക്കോടതിയുടെ വിജിലന്‍സ് സെല്‍ നടത്തിയ തെളിവെടുപ്പില്‍ വനിതാ ജീവനക്കാരി നേരിട്ടു പരാതി സമര്‍പ്പിക്കുകയായിരുന്നു. 2015 ജൂലൈയില്‍ വിജിലന്‍സ് സെല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഹക്കീമിനെതിരെയുള്ള കുറ്റം ശരിവച്ചു. തുടര്‍ന്നു നവംബര്‍ 20നാണ് ജോലിയില്‍ നിന്നു പിരിച്ചുവിടാന്‍ ഹൈക്കോടതി തീരുമാനമെടുത്തത്. ഹക്കീമിന്റെ ലാപ്‌ടോപ് പിടിച്ചെടുത്ത്, ഹൈക്കോടതി എന്‍ജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയില്‍ ഒട്ടേറെ അശ്ലീല വീഡിയോകളും ചിത്രങ്ങളും കണ്ടെത്തിയിരുന്നു. കേസുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ എഴുതുന്നതിനും മറ്റുമായി കോടതി ചേംബറിലേക്കും വീട്ടിലേക്കും വനിതാ ജീവനക്കാരെ വിളിച്ചുവരുത്തിയാണു ഹക്കീം അപമര്യാദയായി പെരുമാറിയിരുന്നത്. എതിര്‍ത്തിരുന്ന ജീവനക്കാരെ ജോലി സംബന്ധിച്ച വീഴ്ചകളുണ്ടെന്നു വരുത്തിത്തീര്‍ത്തു ശാസിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പിരിച്ചുവിടല്‍.

© 2024 Live Kerala News. All Rights Reserved.