ജാട്ടുകളുടെ പ്രക്ഷോഭം തുടരുന്നു; ഹരിയാനയില്‍ ജനജീവിതം സ്തംഭിച്ചു; അക്രമികളെ കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ഒബിസിയിലുള്‍പ്പെടുത്തി സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് സമുദായം നടത്തുന്ന പ്രക്ഷോഭം ശക്തമായതോടെ ജനജീവിതം സ്തംഭിച്ചു. അക്രമികളെ കണ്ടാല്‍ വെടിവെയ്ക്കാനും ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. അക്രമം കനത്തതോടെ ഹരിയാന വഴിയുള്ള നൂറോളം ട്രെയിനുകള്‍ റദ്ദാക്കി. നിരവധി ബസ് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഗുഡ്ഗാവില്‍ പ്രധാന ഹൈവേകളും മറ്റു നിരത്തുകളും സമരക്കാര്‍ ഉപരോധിക്കുന്നതായാണ് റിപ്പോര്‍ട്ട്. സൈനികര്‍ സ്ഥലത്തെത്തുന്നത് തടയുന്നതിനായാണ് പ്രക്ഷോഭകര്‍ നിരത്തുകള്‍ ഉപരോധിക്കുന്നത്. ഇതേത്തുടര്‍ന്ന് വ്യോമമാര്‍ഗമാണ് സൈന്യത്തെ ഇവിടെയെത്തിക്കുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കി. റോത്തക്ക്, ഭിവാനി പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമികളെ കണ്ടാലുടന്‍ വെടി വയ്ക്കാനാണ് ഉത്തരവ്. ജാട്ട് സമുദായത്തിന് സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു ഡ്രാഫ്റ്റ് ബില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ തയാറാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിര്‍ദേശങ്ങള്‍ തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, മറ്റു പിന്നാക്ക വിഭാഗത്തിലുള്‍പ്പെടുത്തി (ഒബിസി) സംവരണം ലഭ്യമാക്കുംവരെ പ്രക്ഷോഭത്തില്‍ നിന്ന് ഒരിഞ്ച് പിന്നാക്കം പോവില്ലെന്നും സര്‍ക്കാരിന്റെ അനുനയ നടപടികള്‍ അംഗീകരിക്കില്ലെന്നും ജാട്ട് സമുദായ നേതാക്കള്‍ വ്യക്തമാക്കി.
നേരത്തെ, സമരം നിയന്ത്രണാതീതമായതോടെ ക്രമസമാധാനത്തിനു സൈന്യം രംഗത്തിറങ്ങിയിരുന്നു. ദേശീയ തലസ്ഥാന മേഖലയില്‍ ഉള്‍പ്പെടുന്ന റോത്തക്കില്‍, ഹരിയാന ധനമന്ത്രിയുടെ വസതിയിലേക്കു പ്രതിഷേധക്കാര്‍ നടത്തിയ പ്രകടനത്തിനു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍  4പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്കു ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ വാഹനം സമരക്കാര്‍ കത്തിച്ചിരുന്നു. സമരം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ച് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനാണ് ജാട്ടുകളുടെ തീരുമാനം.

© 2024 Live Kerala News. All Rights Reserved.