സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായക്കാര്‍ മന്ത്രിയുടെ വീടാക്രമിച്ചു; വെടിവെപ്പില്‍ ഒരു മരണം; ഹരിയാന കത്തുന്നു

ഹരിയാന: സംവരണ ആവശ്യപ്പെട്ട്  ഹരിയാനയിലെ ജാട്ട് സമുദായക്കാര്‍ നടത്തിയ പ്രതിഷേധത്തിനിടെ റോത്തക് ഡല്‍ഹി ബൈപാസ് ഉപരോധിച്ച പ്രക്ഷോഭകര്‍ മന്ത്രി കാപ്റ്റന്‍ അഭിമന്യുവിന്റെ വീട് ആക്രമിക്കവെ പൊലീസ് വെടിവെപ്പില്‍ ഒരു മരണം. വെടിവെയ്പിലും സംഘര്‍ഷത്തിലുമായി നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷം വ്യാപിച്ചതോടെ പ്രക്ഷോഭകാരികള്‍ നിരവധി പൊലീസ് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ റോത്തക് ജില്ലയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. പ്രക്ഷോഭം സംസ്ഥാനമാകെ വ്യാപിക്കാതിരിക്കാന്‍ വിഷയം ചര്‍ച്ച ചെയ്യാനായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 21 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സമരാനുകൂലികള്‍ ഉന്നയിക്കുന്ന പ്രധാന മുദ്രാവാക്യങ്ങള്‍ ജാട്ട് സമുദായത്തെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തുക. ഇ.ബി.പി ക്വോട്ട 10 ശതമാനത്തില്‍ നിന്നും 20 ശതമാനത്തിലേക്ക് ഉയര്‍ത്തുക തുടങ്ങിയവയാണ്. ആക്രമികളെ കണ്ടാല്‍ വെടിവെയ്ക്കാനാണ് ഉത്തരവ്.

© 2024 Live Kerala News. All Rights Reserved.