മുംബൈയ്ക്ക് പിന്നാലെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ ത്വയിബ പദ്ധതിയിട്ടു; പൂനെ സൈനിക കേന്ദ്രത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തി; ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍ തുടരുന്നു

മുംബൈ: മുംബൈയ്ക്കു പിന്നാലെ മറ്റു നഗരങ്ങളിലും ഭീകരാക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ ത്വയിബ പദ്ധതിയിട്ടിരുന്നതായി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍. പൂനെയിലെ സൈനിക കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തുകയും ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തു. പൂനെയിലെ സൈനികരില്‍ നിന്നു ചാരന്‍മാരെ കണ്ടെത്താനും നിര്‍ദേശമുണ്ടായിരുന്നു. 2009 മാര്‍ച്ച് 11 മുതല്‍ 13 വരെ രാജസ്ഥാനിലെ പുഷ്‌കര്‍ സന്ദര്‍ശിച്ചു. യാത്ര ചെയ്ത് ചബാട് ഹൗസ് ഉള്‍പ്പെടെയുള്ളവയുടെ വിഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചുവെന്നും ഹെഡ്‌ലി വ്യക്തമാക്കി. മുംബൈ ആക്രമണത്തിനുശേഷം ചിക്കാഗോയില്‍ വച്ച് ഡോ.തഹാവൂര്‍ റാണയെ കണ്ടു. അദ്ദേഹം ഏറെ സന്തുഷ്ടനായിരുന്നു. ഡോ.റാണയുമായി നിരന്തരം ഇമെയിലുകളിലൂടെ ബന്ധപ്പെട്ടിരുന്നു. അനുയായികള്‍ പിടിക്കപ്പെട്ടെങ്കിലും ഇന്ത്യയിലേക്കു സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നുവെന്നും മുംബൈയിലെ പ്രത്യേക കോടതിയിയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ഹെഡ്‌ലി മൊഴി നല്‍കി. മുംബൈ ഭീകരാക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട് യുഎസിലെ ജയിലിലാണ് ഹെഡ്‌ലി ഇപ്പോള്‍ കഴിയുന്നത്. അടുത്ത ദിവസങ്ങളിലും ഹെഡ്‌ലിയുടെ മൊഴിയെടുക്കല്‍ തുടരും.

© 2024 Live Kerala News. All Rights Reserved.