മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി എസ് ശിവകുമാറും കോഴവാങ്ങി; ബാര്‍കോഴയില്‍ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി ബിജു രമേശ് വീണ്ടും

തിരുവനന്തപുരം: ബാറുകള്‍ സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിന് ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തല രണ്ട കോടിയും ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ 25 ലക്ഷം രൂപയും കോഴ വാങ്ങിയതായി ബിജു രമേശ് ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് അഭിമുഖത്തിലാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍. ഇതോടെ ബാര്‍കോഴയില്‍ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലായി. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കെപിസിസി ഓഫീസില്‍ എത്തി നേരിട്ട് കോഴ കൊടുക്കുകയായിരുന്നുവെന്നും വിഎസ് ശിവകുമാറിന് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് മുമ്പായി അദ്ദേഹത്തിന്റെ പിഎ വാസുവിന്റെ കയ്യില്‍ 25 ലക്ഷം രൂപയും നല്‍കുകയുമായിരുന്നെന്ന് ബിജു രമേശ് പറഞ്ഞു. ശിവകുമാറിന്റെ വീട്ടിലെത്തിയാണ് പണം നല്‍കിയത്. എന്നാല്‍ ഇതിനു രസീതിയൊന്നുമില്ലെന്നും ബിജു രമേശ് പറഞ്ഞു. അതേസമയം കോഴയാരോപണം നിഷേധിച്ച് വിഎസ് ശിവകുമാര്‍ രംഗത്തെത്തി. താന്‍ കാശ് വാങ്ങിയിട്ടില്ലെന്നും നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് നടത്തിയത് പാര്‍ട്ടിയാണെന്നും ശിവകുമാര്‍ പറഞ്ഞു. നിയമസഭയില്‍ ഈ വിഷയത്തില്‍ നേരത്തെ വിശദീകരണം നല്‍കിയതാണ്. താന്‍ ആരോഗ്യവകുപ്പാണ് കൈകാര്യം ചെയ്യുന്നതുകൊണ്ട് ബാറിന്റെ വിഷയത്തില്‍ ഇടപെട്ട് കാശ് വാങ്ങേണ്ട ആവശ്യമില്ലെന്നും ശിവകുമാര്‍ പറഞ്ഞു. രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ള ആരോപണം പ്രതിപക്ഷത്തിനൊപ്പം കോണ്‍ഗ്രസ് എ ഗ്രൂപ്പിനും ആശ്വാസം പകരുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.