കെ ബാബുവിനെതിരെയുള്ള വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു; പക്ഷേ മന്ത്രിസഭയിലേക്ക് മടങ്ങി വരില്ല

കൊച്ചി: സോളാര്‍ കേസില്‍ ആടിയുലഞ്ഞ സംസ്ഥാനസര്‍ക്കാറിന് ഇടക്കാലാശ്വാസംപോലെയാണ് ബാര്‍ക്കാഴക്കേസില്‍ കെ ബാബുവിന് അനുകൂലമായ ഹൈക്കോടതി ഉത്തരവ്. കെ.ബാബുവിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതി ഉത്തരവു ഹൈക്കോടതി സ്റ്റേ ചെയ്തു. കേസില്‍ വിജിലന്‍സ് കോടതി അനാവശ്യതിടുക്കം കാണിച്ചു. ദ്രുതപരിശോധന തുടരാമെന്നും കോടതി നിര്‍ദേശിച്ചു. രണ്ടു മാസത്തേക്കാണ് സ്റ്റേ. അതിനകം ദ്രുതപരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. ബാര്‍ തുറക്കാന്‍ ബാര്‍ ഉടമയില്‍ നിന്നു ബാബു 50 ലക്ഷം രൂപ കോഴവാങ്ങിയെന്ന് ആരോപിച്ച് ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച പരാതിയിലായിരുന്നു തൃശൂര്‍ വിജിലന്‍സ് കോടതി നടപടി. പരാതിയും ബിജു രമേശിന്റെ രഹസ്യമൊഴിയും ചേര്‍ത്തു പരിശോധിക്കാന്‍ പോലും വിജിലന്‍സ് കോടതി മുതിര്‍ന്നില്ലെന്നും ആരോപിക്കുന്നു. സിബിഐ അന്വേഷണ ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ടെന്ന് ബാബുവിനു വേണ്ടി അഡ്വ. എസ്. ശ്രീകുമാര്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. അതേസമയം കെ ബാബു മന്ത്രിസഭയിലേക്ക് തിരിച്ചുവരികയില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇനി തിരിച്ചു മന്ത്രിസഭയിലേക്ക് വരാന്‍ താല്‍പര്യമില്ലെന്ന് ബാബു നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിലാണിത്.

© 2024 Live Kerala News. All Rights Reserved.