ഒടുവില്‍ പൃഥ്വിരാജിന്റെ കര്‍ണ്ണന്‍ വരുന്നു; ഔദ്യോഗിക പ്രഖ്യാപനം ദുബൈയില്‍ നടന്നു; അപ്പോള്‍ മമ്മൂട്ടിയുടെ കര്‍ണ്ണന്‍? വീഡിയോ കാണുക

ദുബൈ: ആര്‍ എസ് വിമലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന കര്‍ണ്ണന്റെ ഔദ്യോഗിക പ്രഖ്യാപനം ദുബൈയില്‍ നടന്നു. ബ്രഹ്മാണ്ഡ ബഹുഭാഷ ചിത്രത്തിലാണ് പൃഥ്വീരാജ് കര്‍ണ്ണനാകുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ബിഗ് ബജറ്റ് ചിത്രമായിരിക്കും കര്‍ണ്ണനെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ദുബായി ബുര്‍ജ് അല്‍ അറബില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ചാണ് കര്‍ണ്ണന്റെ പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്ററും ചടങ്ങില്‍ പ്രകാശനം ചെയ്തു. മഹാഭാരത്തിലെ കര്‍ണ്ണനെ കേന്ദ്രീകരിച്ചുള്ള ചിത്രം മലയാളത്തെ കൂടാതെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായാണ് നിര്‍മ്മിക്കുന്നത്. മലയാളത്തിന് സ്വപ്‌നം കാണാന്‍ കഴിയാത്ത അത്ര വലിയ ബജറ്റിലായിരിക്കും കര്‍ണ്ണന്‍ പൂര്‍ത്തിയാകുക എന്ന് പൃഥ്വീരാജ് പറഞ്ഞു. ചിത്രത്തിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. എന്നാല്‍ ചിത്രീകരണം എപ്പോള്‍ തുടങ്ങാനാകും എന്നത് സംബന്ധിച്ച് കൃത്യമായ ധാരണയില്‍ എത്തിയിട്ടില്ല. ഗ്രാഫിക്‌സ് സാങ്കേതിക വിദ്യ അടക്കം ആധുനിക സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന ചിത്രത്തിനായി ഹോളിവുഡില്‍ നിന്നടക്കം സാങ്കേതിക വിദഗ്ധരെത്തും. ബാഹുബലിയുടെ ഛായാഗ്രഹണം നിര്‍വഹിച്ച കെ.കെ സെന്തില്‍കുമാര്‍ ആണ് കര്‍ണ്ണന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. ഇതിനിടെ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കിയുള്ള പി ശ്രീകുമാറിന്റെ കര്‍ണ്ണന്റെ കടലാസ് ജോലികള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ തിരക്കഥയുടെ ജോലി അവസാനഘട്ടത്തിലാണെന്നും പി ശ്രീകുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇന്നലെ ദുബൈയില്‍ വച്ച് ആര്‍ എസ് വിമലിന്റെ കര്‍ണ്ണന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

© 2024 Live Kerala News. All Rights Reserved.