ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് മലയാളിയെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. വയനാട് ബിലാക്കാട് സ്വദേശി ദിനേശനെന്ന റിയാസിനെയാണ് കസ്റ്റഡിയിലെടുത്തത്. പത്താന്‍കോട്ടിന് സമീപത്തുള്ള മുസാഫിറിലുള്ള ലോഡ്ജില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 13 വര്‍ഷം മുമ്പ് സ്വദേശം വിട്ട ഇയാള്‍ക്ക് വീട്ടുകാരുമായി ബന്ധമില്ലെന്നാണ് വിവരം. വ്യോമസേന താവളത്തില്‍ ആക്രണം നടന്ന ദിവസം പത്താന്‍കോട്ടിന് സമീപത്തുള്ള ലോഡ്ജുകളില്‍ പൊലീസ് റെയിഡ് നടത്തി. റെയ്ഡില്‍ അഞ്ച് മാലിദ്വീപുകാര്‍ക്കൊപ്പമാണ് ദിനേശനെ പിടികൂടിയത്. ഇയാളുടെ ഫോണില്‍ നിന്നും നിരവധി തവണ പാകിസ്ഥാനിലേക്ക് ബന്ധപ്പെട്ടതായി കണ്ടെത്തിയിരുന്നു. കേരള പൊലീസ് നടത്തിയ അന്വേണത്തില്‍ വാറ്റുകേസില്‍ അറസ്റ്റിലായതിന് ശേഷം ദിനേശന്‍ സൗദിയിലേക്ക് കടന്നെന്ന വിവരമാണ് ലഭിച്ചിരിക്കുന്നത്.