ബുര്‍ക്കിനോഫാസോ: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോഫാസോയിലെ ഹോട്ടല്‍ ലക്ഷ്യമാക്കി അല്‍ഖ്വയ്ദ ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. യു.എസ് സ്റ്റാഫുകളും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും താമസിക്കുന്ന ഫോര്‍സ്റ്റാര്‍ ഹോട്ടലായ സ്പ്‌ളെന്‍ഡിഡിലാണ് ആക്രമണം നടന്നത്. ഹോട്ടലിനു പുറത്ത് കാര്‍ബോംബ് സ്‌ഫോടനം നടത്തുകയും അതിനു പിന്നാലെ ഭീകരര്‍ ഹോട്ടലിലേക്ക് കടന്നുകയറുകയും ചെയ്യുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അക്രമികള്‍ നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു. ഭീകരര്‍ക്കെതിരെയുള്ള അക്രമത്തില്‍ ഫ്രഞ്ച് സേനയും പങ്കാളിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഫ്രഞ്ച് അംബാസിഡര്‍ ഗില്ലസ് തിബൗള്‍ട്ട് ട്വീറ്റു ചെയ്തു. ഹോട്ടലിന്റെ ഒരുഭാഗത്തിന് തീയിട്ടതായും സാക്ഷികള്‍ പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അല്‍ഖ്വയ്ദ ഇന്‍ ദ ഇസ്‌ലാമിക് മാഗ്‌റബ് രംഗത്തുവന്നിട്ടുണ്ട്.