തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയ്‌ക്കെതിരെ തെളിവില്ലെന്നു കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. എസ്.പി. സുകേശന്‍ തന്നെ പുനരന്വേഷണം നടത്തിയ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ചു. തുടരന്വേഷണത്തിലും മാണിക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചില്ല. മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ കണ്ടെത്തിയ തെളിവുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് സുകേശന്‍ പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ വന്നപ്പോള്‍ മാറ്റിവയ്ക്കാന്‍ മന്ത്രി കെ.എം.മാണി നിര്‍ദേശിച്ചത് നിയമവകുപ്പ് നിര്‍ബന്ധമായും കാണേണ്ട ഫയലായതിനാലാണ്. സംഭവം കേരള കോണ്‍ഗ്രസ് -എം കേന്ദ്രങ്ങളില്‍ ആഹ്ലാദത്തിന് വഴിയൊരുക്കി.