കോഴിക്കോട് ജില്ലാ കളക്ടറെ ഇനി സംസ്ഥാന സര്‍ക്കാറിന് സ്ഥലം മാറ്റാന്‍ കഴിയില്ല; എന്‍. പ്രശാന്തിന് രക്ഷയായത് കേന്ദ്ര സര്‍വീസ് ചട്ടം; ധൈര്യമായി ക്വാറി മാഫിയയെ നേരിടാം

എസ്. വിനേഷ് കുമാര്‍

കോഴിക്കോട്: അനധികൃത ക്വാറികള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കിയതിനെതുടര്‍ന്ന് സ്ഥലം മാറ്റ ഭീഷണി നേരിടുന്ന കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിനെ ഇനി തൊടാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ല. കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞാല്‍ മാത്രമേ ഇനി സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഒരടി മുന്നോട്ടുപോകാന്‍ കഴിയു. മുക്കം കേന്ദ്രീകരിച്ചുള്ള ക്വാറി മാഫിയക്കെതിരെ ശക്തമായ നടപടിക്ക് മുതിര്‍ന്നതിനെതുടര്‍ന്നാണ് എന്‍. പ്രശാന്തിനെ സ്ഥലം മാറ്റാന്‍ റവന്യു വകുപ്പില്‍ നിന്ന് സമ്മര്‍ദ്ധമുണ്ടായത്. നടപടി നേരിട്ട ക്വാറികളുടെ ഉടമകള്‍ തിരുവനന്തപുരത്ത് പോയി റവന്യുമന്ത്രിയെ കണ്ട് ജില്ലാ കളക്ടറെ സ്ഥലം മാറ്റാനുള്ള തന്ത്രം മെനഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രശാന്തിനെ സ്ഥലം മാറ്റാമെന്ന് മന്ത്രിയുടെ ഉറപ്പ് ഇവര്‍ക്ക് ലഭിച്ചതായും സൂചനയുണ്ടായിരുന്നു. എന്നാല്‍ കളക്ടറെ ഉടനെ മാറ്റണമെന്ന് പറഞ്ഞ് ക്വാറിക്കാര്‍ സമ്മര്‍ദ്ധം ചെലുത്തി വരുന്നതിനിടെയാണ് ഇന്ന് കേന്ദ്ര സര്‍വീസ് ചട്ടം ഭേദഗതി വരുത്തിയത്. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കും ഇത് ഗുണകരമാകും. ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ 48 മണിക്കൂറിനകം കേന്ദ്രസര്‍ക്കാരിനെ വിവരം അറിയിച്ച് അനുമതി വാങ്ങണമെന്നാണ് പുതിയ സര്‍വീസ് ചട്ടം നിഷ്‌കര്‍ഷിക്കുന്നത്.

1916710_391651189055_1168475_n

ഇതോടെ ജില്ലാ കളക്ടര്‍ക്ക് മാഫിയകള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാം. ഇനിമുതല്‍ നീര്‍ത്തടം നികത്തിയ ഫ്‌ളാറ്റ് ഉടമകള്‍, പരിസ്ഥിതി നിയമം ലംഘിച്ച് നോളജ് സിറ്റി പണിത കാന്തപുരം ഗ്രൂപ്പ്, മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പിന്റെ കോഴിക്കോട് ബീച്ചിലെ തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള നിര്‍മ്മാണം തുടങ്ങിയവയ്‌ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കഴിയും. തങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാത്ത ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ ഇനി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയില്ല. കേന്ദ്രസര്‍വീസ് ചട്ടം ഭേദഗതി ചെയ്തതോടെ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതുള്‍പ്പെേെട ഇനി തീരുമാനിക്കുക പ്രധാനമന്ത്രിയായിരിക്കും. രാഷ്ട്രീയ പകപോക്കലുകള്‍ പേടിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനായിട്ടാണ് സര്‍വീസ് ചട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരായ അശോക് ഖെംക, ദുര്‍ഗ ശക്തി നാഗ്പാല്‍, കുല്‍ദീപ് നാരായണ്‍ തുടങ്ങിയവര്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍വീസ് ചട്ടം ഭേദഗതി ചെയ്തത്. ക്വാറി മാഫിയക്ക് വേണ്ടി എന്‍. പ്രശാന്തിനെ സ്ഥലം മാറ്റാനുള്ള റവന്യുമന്ത്രി അടൂര്‍പ്രകാശിന്റെയുള്‍പ്പെടെയുള്ളവരുടെ പരിപ്പ് ഇനി വേവണമെങ്കില്‍ നരേന്ദ്രമോഡി കൂടി വിചാരിക്കണം.

© 2024 Live Kerala News. All Rights Reserved.