കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍.പ്രശാന്തിനെ സ്ഥലം മാറ്റാന്‍ നീക്കം; കളക്ടറെ മാറ്റുന്നത് മുക്കത്തെ ക്വാറി മാഫിയക്ക് വേണ്ടി; ക്വാറി ഉടമകള്‍ റവന്യു മന്ത്രിയെ കണ്ടു

എസ്. വിനേഷ് കുമാര്‍

കോഴിക്കോട്: മുക്കം കേന്ദ്രീകരിച്ചുള്ള ക്വാറി മാഫിയയുടെ സമ്മര്‍ദ്ധത്തിന് വഴങ്ങി കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിനെ സ്ഥലം മാറ്റാന്‍ നീക്കം. മുക്കത്തെ ക്വാറിക്കാര്‍ തിരുവനന്തപുരത്ത് റവന്യു മന്ത്രിയുടെ ഓഫീസില്‍ തമ്പടിച്ചാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ഭരണാധികാരിയും ജനകീയനുമായ എന്‍.പ്രശാന്തിന് മൂക്കയറിടാനൊരുങ്ങുന്നത്. തോട്ടം മുറിച്ച് വില്‍പ്പന നടത്തിയശേഷം അനധികൃതമായി പ്രവര്‍ത്തിക്കുന്ന 14 ക്വാറികള്‍ക്ക് ഒരാഴ്ച്ച മുമ്പ് ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതാണ് ക്വാറി മാഫിയയുടെ പ്രകോപനത്തിനും റവന്യുമന്ത്രിയുടെ അതൃപ്തിക്കും കാരണം. ഏതുഘട്ടത്തിലും ക്വാറി മാഫിയക്ക് വേണ്ടി സംസാരിക്കുന്ന റവന്യു മന്ത്രി അടൂര്‍പ്രകാശ് ജില്ലാ കളക്ടറെ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ മാറ്റാമെന്ന് ക്വാറി ഉടമകള്‍ക്ക് ഉറപ്പ് നല്‍കിയതായാണ് വിവരം. എന്നാല്‍ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാന്‍ സമയമില്ലെന്നും ജനുവരി രണ്ടാം വാരം തന്നെ മാറ്റണമെന്നാണ് തിരുവനന്തപുരത്ത് തമ്പടിച്ചിട്ടുള്ള ക്വാറി ഉടമകള്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്‍. പ്രശാന്തിന് മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഏതു നിമിഷവും എത്തിയേക്കുമെന്നാണ് റവന്യു വകുപ്പിലെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. റവന്യു മന്ത്രിയുടെ അനുമതി കിട്ടിയാല്‍ ഉടന്‍തന്നെ സ്ഥലമാറ്റം സംബന്ധിച്ചുള്ള പേപ്പര്‍ ജോലികള്‍ ആരംഭിക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ‘ലൈവ് കേരള ന്യൂസി’ നോട് പറഞ്ഞു.2014 ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എന്‍.പ്രശാന്ത് അനധികൃത ക്വാറികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. മുറിച്ചുവിറ്റ തോട്ടങ്ങളിലെ ക്വാറികളുടെ പ്രവര്‍ത്തനം അനധികൃതമായതിനാല്‍ ലാന്റ് റിഫോംസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മറ്റ് ജില്ലകളില്‍ നടപടിയുണ്ടായില്ലെങ്കിലും കോഴിക്കോട് ജില്ലാ കളക്ടര്‍ ഇടപെട്ട് അനധികൃത ക്വാറികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍തന്നെ തന്നെ നല്‍കിയ നിര്‍ദേശം നടപ്പിലാക്കാനിറങ്ങിയ സത്യസന്ധനായ ഉദ്യോഗസ്ഥനാണിപ്പോള്‍ ഈ ദുര്‍ഗതി വന്നിരിക്കുന്നത്. മുന്‍ എസിപിയുടെ നേതൃത്വത്തിലുള്ള കോഴിക്കോട് ലോബിയാണ് ജില്ലാകളക്ടറെ സ്ഥലം മാറ്റാന്‍ ചരട് വലിക്കുന്നത്. മുക്കത്തെ ക്വാറി ഉടമകളുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ഇദേഹം മുമ്പ് രാഹുല്‍ ഗാന്ധിയെ ചങ്ങായി എന്ന് വിളിച്ചതിനെതുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്നു. ക്വാറി മാഫിയയുടെ നീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നത് ഈ മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ്.

1912519_10153881764264056_1642534106916206126_n

ഒരു വര്‍ഷം മുമ്പാണ് എന്‍.പ്രശാന്ത് ജില്ലാ കളക്ടറായി കോഴിക്കോടെത്തുന്നത്. വയനാട് സബ് കളക്ടര്‍, ആഭ്യന്ത്ര മന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ പദവികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച പ്രശാന്തിന്റെ ഏറ്റവും മികച്ച ഇടപെടലിന്റെ ഫലമായാണ് ഓപ്പറേഷന്‍ സുലൈമാനിക്ക് കോഴിക്കോട് തുടക്കമായത്. ഭക്ഷണം കിട്ടാതെ ഒരാള്‍പോലും കോഴിക്കോടുണ്ടാകരുതെന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രശാന്ത് ‘ഓപ്പറേഷന്‍ സുലൈമാനിയിലൂടെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ മാതൃക പുരുഷനായത്.
കോഴിക്കോട് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അന്തസ്സായി യാത്ര ചെയ്യാന്‍ ‘സവാരി ഗിരിഗിരി’പദ്ധതി തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് 123 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഗോതമ്പ് കഞ്ഞി-ഉപ്പുമായും അരികൊണ്ടുള്ള പുട്ടും നല്‍കാന്‍ മുന്‍കൈയെടുത്ത പ്രശാന്തിന്റെ നടപടി പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ഇവിടെ ഭക്ഷണത്തിനുള്ള വിഹിതം വര്‍ധിക്കുന്നതിനും നടപടിയുമായി മുന്നോട്ടുപോയി.

10540907_10153105608589056_5634047204945720971_n

ഇത്തരത്തില്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന, കളക്ടര്‍ ബ്രൊ.. എന്ന് ഏതു കൊച്ചുകുട്ടിക്കും ഭയമില്ലാതെ വിളിക്കാന്‍ കഴിയുന്ന ജനകീയ കളക്ടറെ സ്ഥലം മാറ്റാനാണ് ഭരണകക്ഷിയിലെ ചിലരും ക്വാറിമാഫിയയും നീക്കം നടത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ പ്രവര്‍ത്തനങ്ങളെയും അഭിപ്രായങ്ങളെയും മറയില്ലാതെ പ്രകടിപ്പിക്കുന്ന പ്രശാന്തിനെപ്പോലുള്ള കര്‍മ്മധീരര്‍ക്ക് പിടിച്ചുനില്‍ക്കാന്‍മാത്രം സംശുദ്ധമല്ല കേരള രാഷ്ട്രീയം. ഡിജിപി ജേക്കബ് തോമസിന് പിന്നാലെ എന്‍ പ്രശാന്തിനെയും ഒതുക്കാനാണിപ്പോള്‍ അണിയറയില്‍ നീക്കം നടക്കുന്നത്.

© 2024 Live Kerala News. All Rights Reserved.