നാട് മുഴുവന്‍ ജില്ലാ കളക്ടര്‍ക്കൊപ്പം; എന്‍. പ്രശാന്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ; കളക്ടര്‍ ബ്രൊ യുടെ പ്രതികരണത്തിന് കാതോര്‍ത്ത് ഇഷ്ടക്കൂട്ടം

എസ്. വിനേഷ് കുമാര്‍

കോഴിക്കോട്: ക്വാറി മാഫിയയുടെ സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് സ്ഥലംമാറ്റത്തിന് വിധേയനാകുന്ന കോഴിക്കോട് ജില്ലാകളക്ടര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ. ജില്ലാ കളക്ടറെ സ്ഥലം മാറ്റാനുള്ള നീക്കം സംബന്ധിച്ചുള്ള വാര്‍ത്ത ‘ലൈവ് കേരള ന്യൂസ്’ ആണ് പുറത്തുവിട്ടത്. ഇതേതുടര്‍ന്നാണ് ഫെയ്‌സ്ബുക്കിലുള്‍പ്പെടെ സജീവ ചര്‍ച്ചകള്‍ ആരംഭിച്ചത്. കോഴിക്കോടിന്റെ ബ്രൊ ആയ പ്രശാന്തിനെ സ്ഥലം മാറ്റാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും തടയുമെന്ന് പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. കോഴിക്കോട്ടെ സാധാരണക്കാര്‍ക്കും നിരാലംബരായവര്‍ക്കും നിരവധി ക്ഷേമപദ്ധതികളും സഹായങ്ങളും നല്‍കിയും മാഫിയകളുടെയും ചില രാഷ്ട്രീയക്കാരുടെയും കണ്ണിലെ കരടായും മാറിയ എന്‍. പ്രശാന്ത് ഒരുവര്‍ഷം മുമ്പാണ് കോഴിക്കോട് ജില്ലാ കളക്ടറായെത്തുന്നത്. സോഷ്യല്‍മീഡിയ വഴി സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വരെ ആശയവിനിമയം നടത്തുകയും സാമൂഹ്യവിഷയങ്ങളില്‍ സജീവമായി ഇടപെട്ടുവരുന്നതിനിടെ കോഴിക്കോട് ഡിസിസി പ്രസിഡന്റിന്റെ ഫോണ്‍ കോള്‍ അവഗണിച്ചെന്ന് ആരോപണത്തെത്തുടര്‍ന്ന് വിവാദത്തില്‍പ്പെട്ടെങ്കിലും ജനങ്ങളുടെ പൂര്‍ണ്ണമായ പിന്തുണ കളക്ടര്‍ക്ക് ലഭിച്ചിരുന്നു. ഓണാഘോഷത്തിന് ഡിസിസി പ്രസിഡന്റ് കെ.സി അബു മാവേലിയായപ്പോള്‍ കളക്ടര്‍ പ്രേമം സിനിമയിലെ നിവിന്‍പോളിയുടെ വേഷത്തിലെത്തിയത് ഏവര്‍ക്കും ആവേശം പകര്‍ന്നിരുന്നു. ഇതിനിടെ കഴിഞ്ഞദിവസമാണ് മുക്കം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 14 അനധികൃത ക്വാറികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ഇതോടെ ഭരണകക്ഷിയല്‍ നിന്ന് ജില്ലാ കളക്ടര്‍ക്ക് വന്‍ സമ്മര്‍ദ്ധം നേരിടേണ്ടിവന്നെങ്കിലും സ്‌റ്റോപ്പ് മെമ്മോ പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടില്‍ നിന്നതാണ് ക്വാറിമാഫിയയെയും അവരെ പിന്തുണക്കുന്ന രാഷ്ട്രീയ മേലാളന്‍മാരെയും പ്രകോപിപ്പിച്ചത്.

12345600_1697440273826079_7531429152284881171_n

‘ചങ്ങായി ‘ എന്ന് വിളിക്കുന്ന മുന്‍ എസിപിയുടെ നേതൃത്വത്തില്‍ പിന്നീട് കളക്ടറെ മാറ്റാന്‍ തീവ്രശ്രമം തുടങ്ങി. രായ്ക്കുരാമാനം തിരുവനന്തപുരത്തേക്ക് വണ്ടി കയറിയ ക്വാറി ഉടമകള്‍ കളക്ടറെ മാറ്റാതെ പിന്‍മാറില്ലെന്ന ഉറച്ചനിലപാട് തുടരുകയാണ്. 2014ലെ ഹൈക്കോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിച്ച ജില്ലാ കളക്ടറെ മാറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍തന്നെ ഗൂഢാലോചന നടക്കുന്നുണ്ടെന്നതാണ് വിരോധഭാസം. ലാന്‍ഡ് റിഫോംസ് ആക്ടിന് വിരുദ്ധമായി തോട്ടം മുറിച്ച് സ്ഥാപിച്ച ക്വാറികള്‍ പൂട്ടണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. ഇതിനെതിരെയാണ് പടനീക്കം. എന്നാല്‍ സ്ഥലംമാറ്റക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ പ്രതികരിച്ചിട്ടില്ല. ആരെന്തൊക്കെ പറഞ്ഞാലും പൂട്ടിയ ക്വാറി തുറക്കുന്ന പരിപാടിയില്ലെന്ന് അദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഡാറ്റാബാങ്ക് നോക്കാതെയുള്ള വയല്‍ നികത്തല്‍ അനുവദിക്കില്ലെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ ജില്ലാ കളക്ടര്‍ക്ക് മൂക്കയറിടാന്‍ മാഫിയ-രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ കുത്സിത നീക്കം. ആഭ്യന്തര മന്ത്രിയുമായി അടുത്ത ബന്ധമുള്ള എന്‍.പ്രശാന്തിനെ സ്ഥലം മാറ്റരുതെന്നാവശ്യപ്പെട്ട് ഐ ഗ്രൂപ്പ് നേതാക്കള്‍ രമേശ് ചെന്നിത്തലയോട് സംസാരിച്ചതായാണ് വിവരം. തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കളക്ടറെ സ്ഥലം മാറ്റാമെന്ന് റവന്യു മന്ത്രി അടൂര്‍പ്രകാശ് ക്വാറി ഉടമകള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കളക്ടറെ ഇപ്പോള്‍തന്നെ മാറ്റണമെന്ന് നിലപാടിലാണത്രെ ക്വാറി ഉടമകള്‍. എന്നാല്‍ രമേശ് ചെന്നിത്തലയുടെ പിന്തുണ പ്രശാന്തിനുണ്ടെന്നാണ് വിവരം. മന്ത്രി എം കെ മുനീറും പ്രതിപക്ഷ എംഎല്‍എമാര്‍ക്കുമെല്ലാം പ്രശാന്തിനെ മാറ്റുന്നതിനോട് യോജിപ്പില്ലെന്നാണ് അറിയുന്നത്.

bro

© 2024 Live Kerala News. All Rights Reserved.