ക്ലബുകള്‍ക്ക് ബാര്‍ലൈസന്‍സ് പുതുക്കരുതെന്ന് ടി എന്‍ പ്രതാപന്‍ എംഎല്‍എ; നഷ്ടത്തിലോടുന്ന ബിയര്‍-വൈന്‍ പാര്‍ലറുകള്‍ പൂട്ടും; അന്യസംസ്ഥാനങ്ങളില്‍ നിന്ന് മദ്യം ഒഴുകും

തിരുവനന്തപുരം: മാര്‍ച്ച് 31ന് ശേഷം സംസ്ഥാനത്തെ ക്ലബുകള്‍ക്ക് ബാര്‍ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് ടിഎന്‍ പ്രതാപന്‍ എംഎല്‍എ. മദ്യ ഉപഭോഗം ഘട്ടംഘട്ടമായി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ശൃപാര്‍ശ. സംസ്ഥാനത്ത് 33 ക്ലബുകള്‍ക്കാണ് ബാര്‍ ലൈസന്‍സുള്ളത്. ഇതിനുള്ള ലൈസന്‍സ് പുതുക്കരുതെന്നാണ് ടിഎന്‍ പ്രതാപന്റെ നിലപാട്. അതേസമയം സുപ്രീംകോടതി വിധി എതിരായതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ബിയര്‍-വൈന്‍ പാര്‍ലറുകളും അടച്ചുപൂട്ടാനൊരുങ്ങുന്നു. കേസിന്റെ മുന്നോട്ടുപോക്കിനും ജീവനക്കാരുടെ നിലനില്‍പ്പിനും വേണ്ടിയാണ് നഷ്ടം സഹിച്ച് ഇത്രകാലം നിലനിന്നത്. സംസ്ഥാനത്തെ 806 ബിയര്‍ പാര്‍ലറുകളില്‍ അഞ്ഞൂറിലധികം നഷ്ടത്തിലെന്നാണ് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. അടച്ചുപൂട്ടിയ ബാറുകള്‍ക്ക് പകരമായിട്ടാണ് ബിയര്‍ പാര്‍ലറുകള്‍ തുറന്നത്. പക്ഷേ ഒട്ടുമുക്കാലും നഷടത്തിലാണ്. നടത്തിക്കൊണ്ടുപോകാന്‍ പറ്റില്ലെന്നും ഇവര്‍ പറയുന്നു. ഇരുപതിനായിരം രൂപയാണ് ബിയര്‍ പാര്‍ലറുകളിലെ ശരാശരി വില്‍പന. ഇത് അറുപതിനായിരമെങ്കിലും ആയാലേ നിലനില്‍പ്പുളളു. പഴയ ബാറുകളിലെ സ്ഥിരം ജീവനക്കാര്‍ ഇപ്പോഴുമുളളതിനാല്‍ നടത്തിപ്പ് ചെലവിലും കുറവുണ്ടായിട്ടില്ലെന്നും ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പറയുന്നു. മാര്‍ച്ചില്‍ കാലാവധി അവസാനിക്കുന്നതോടെ ലൈസന്‍സ് പുതുക്കേണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗവും. അങ്ങനെവന്നാല്‍. ഇപ്പോഴുളള ഭൂരിഭാഗം ബിയര്‍ പാര്‍ലറുകള്‍ക്കും ഏപ്രില്‍ ഒന്നോടെ പൂട്ടുവീഴും. ഇത്തരത്തിലുള്ള നീക്കം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യത്തിന്റെ വരവിന് കൂടുതല്‍ കാരണമായേക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇപ്പോള്‍തന്നെ പുതുവര്‍ഷം പ്രമാണിച്ച് മാഹിയില്‍ നിന്നും തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നുമായി കെയ്‌സ് കണക്കിന് മദ്യമാണ് ഓരോ ഭാഗങ്ങളിലേക്കും എത്തിക്കൊണ്ടിരിക്കുന്നത്. ബിയര്‍-വൈന്‍ പാര്‍ലറുകള്‍ പൂട്ടുന്നതോടെ ഇത് വര്‍ധിക്കും. ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് സമീപനമാണ് എകസൈസിന്റേതെന്നാണ് ആക്ഷേപം. പുതുവര്‍ഷം പ്രമാണിച്ച് ഇപ്പോള്‍ത്തന്നെ പലയിടങ്ങളിലും അനധികൃതമായി മദ്യം സൂക്ഷിച്ചുകഴിഞ്ഞു. ഒരു തരത്തിലുമുള്ള അനുമനതിയില്ലാതെയാണ് വന്‍കിടക്കാര്‍ മദ്യം സൂക്ഷിക്കുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് എക്‌സൈസ് വകുപ്പിന്റേതെന്ന് വ്യക്തം.

© 2024 Live Kerala News. All Rights Reserved.