ബാര്‍ കോഴ വിവാദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബാറുടമകള്‍ നീക്കം തുടങ്ങി; കെ എം മാണിക്ക് പിന്നാലെ മന്ത്രി കെ ബാബുവും തെറിക്കുമോ?

കൊച്ചി: മദ്യനയത്തിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതോടെ ബാറുടമകളുടെ നിയമ പോരാട്ടം ഏതാണ്ട് അവസാനിക്കുമ്പോഴും കെ ബാബുവിന് ലക്ഷ്യമിട്ട് പുതിയ നീക്കങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുകയാണ് ഇനി ബാറുടമകള്‍ക്ക് മുന്നിലുള്ള ഒരു വഴി. ഹര്‍ജി നല്‍കിയാലും സുപ്രിം കോടതിയില്‍നിന്ന് അനുകൂലമായ സമീപനം ഇനിയുണ്ടാകുമെന്ന് ബാറുടമകള്‍ പ്രതീക്ഷിക്കുന്നില്ല. പകരം സര്‍ക്കാരിന്റെ നയം പുനഃപരിശോധിക്കുന്നതിനുള്ള സമ്മര്‍ദം തുടരുകയെന്നതാണ് മറ്റൊരു മാര്‍ഗം. നിലവിലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഇനി ചുരുങ്ങിയ മാസങ്ങളേ ബാക്കിയുള്ളൂ. ഇതിനിടയില്‍ നയത്തില്‍ കാതലായ മാറ്റം വരുത്താന്‍ സര്‍ക്കാരും യുഡിഎഫും തയ്യാറാകില്ല. സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി വന്ന സാഹചര്യത്തില്‍ ബാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ ആരോപണങ്ങള്‍ക്കും മേലെ കോടതി വിധി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാമെന്ന ആനുകൂല്യം സര്‍ക്കാരിനുണ്ട്. പുതുതായി വരുന്ന സര്‍ക്കാര്‍ ഈ നയത്തില്‍ മാറ്റം വരുത്തുമോ എന്നതാണ് ബാറുടമകളുടെ മുന്നിലെ സാധ്യത. ഇക്കാര്യത്തില്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നിലപാട് അറിയേണ്ടതുണ്ട്. കെ ബാബുവിനെ ലക്ഷ്യം വച്ച് നീങ്ങിയാല്‍ സര്‍ക്കാറിനെ സമ്മര്‍ദ്ധത്തിലൂടെ അനുകൂലമാക്കാനാണ് ബാറുടമകളുടെ പുതിയ തീരുമാനം. ഇത് എത്രത്തോളം ഗുണം ചെയ്യുമെന്ന് കണ്ടറിയണം.

vdv

ആരോപണങ്ങളുടെ കാര്യത്തില്‍ സത്യം തെളിയാന്‍ ഈ വിധി സഹായകരമാകും എന്നാണ് വിധി വന്നയുടന്‍ എലഗന്‍സ് ബാര്‍ ഉടമ ബിനോയ് നല്‍കിയ പ്രതികരണം. ഇത് ഒരു മുന്നറിയിപ്പിന്റെയും വിലപേശിയുള്ള സമ്മര്‍ദത്തിന്റെയും സ്വഭാവത്തിലുള്ളതാണ്. ബിജു രമേശ് ഉന്നയിച്ച ആരോപണത്തില്‍ ബാറുടമകള്‍ സ്വീകരിക്കുന്ന നിലപാടായിരിക്കും ഇതില്‍ പ്രധാനം. സര്‍ക്കാരിന്റെ കാലാവധി തീരാറായ സാഹചര്യത്തില്‍ ഇത്തരം വിലപേശലുകള്‍ക്കും ഇനി സര്‍ക്കാര്‍ വഴങ്ങാനിടയില്ല. നല്‍കിയ കോഴയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്നവരെ പൊതുസമൂഹത്തിന് മുന്നില്‍ കൂടുതല്‍ നാണം കെടുത്തുകയെന്ന വഴിയാണ് സ്വീകരിക്കാവുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായം തുടര്‍ന്നും കിട്ടേണ്ടതിനാല്‍ ഇക്കാര്യത്തിലും സ്വയം കുഴിതോണ്ടുന്ന പരസ്യസമീനപത്തിലേക്ക് ബാറുടമകള്‍ നീങ്ങാനുള്ള സാധ്യതയും കുറവാണ്്. എന്നാല്‍, ബാര്‍ ഉടമകള്‍ പിരിച്ചെടുത്ത 20 കോടി ആര്‍ക്കെല്ലാമാണ് നല്‍കിയത് എന്ന കാര്യത്തിലെ വെളിപ്പെടുത്തലുകളുണ്ടാകുമോ എന്നതാണ് അറിയേണ്ടത്. തുടക്കത്തില്‍ ബിജു രമേശിനൊപ്പം നില്‍ക്കുകയും പിന്നീട് പരസ്യപിന്തുണ നല്‍കാതെ മാറി നില്‍ക്കുകയും ചെയ്ത ബാറുടമകള്‍ ഒരുമിച്ച് നീങ്ങുകയാണെങ്കില്‍ നല്‍കിയ കോഴയുടെ വിവരങ്ങള്‍ കൂടുതല്‍ പുറത്തുവരും. അതിനുള്ള സാഹചര്യം പരമാവധി ഒരുക്കുകയെന്ന സമീപനമായിരിക്കും എല്‍ഡിഎഫ് സ്വീകരിക്കുക. എന്നാല്‍, എല്‍ഡിഎഫും ബാറുടമകളും ചേര്‍ന്നുള്ള നീക്കമെന്ന നിലയില്‍ ഇത് വ്യാഖ്യാനിക്കപ്പെടാതിരിക്കാനുള്ള കരുതലും എല്‍ഡിഎഫിന്റെ ഭാഗത്തുനിന്ന് സ്വീകരിക്കേണ്ടിവരും. ഇല്ലെങ്കില്‍ രാഷ്ട്രീയമായി ആക്രമിക്കാന്‍ യുഡിഎഫിന് എളുപ്പം സാധിക്കും. ബാറുടമകളുടെ യാതൊരു സമ്മര്‍ദ്ധത്തിനും കീഴ്‌പെടേണ്ടതില്ലെന്ന നിലപാടാണ് വി എം സുധീരന്റേത്. കെപിസിസി പ്രസിഡന്റും എ പക്ഷത്തേക്ക് ചാഞ്ഞതോടെ കെ ബാബു ഏറെക്കുറെ സുരക്ഷിതനാണ് താനും. കെഎം മാണിക്ക് സമാനമായ കോടതി പരാമര്‍ശമുണ്ടായാലെ കെ ബാബുവിന് തിരിച്ചടിയാവുകയുള്ളു.

© 2024 Live Kerala News. All Rights Reserved.