സിപിഎം സംഘടനാ പ്ലീനത്തിന് തുടക്കം; കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യത സംബന്ധിച്ച് പ്രമേയം അവതരിപ്പിക്കും; ഇടത് ഐക്യം ശക്തിപ്പെടുത്തും

കൊല്‍ക്കത്ത: 1978ലെ സാക്കിയ പ്ലീനത്തിന് ശേഷമാണ് സിപിഎമ്മിന്റെ സംഘടനാ പ്ലീനം ഇന്ന് ബംഗാളിന്റെ ചുവന്ന മണ്ണായ കൊല്‍ക്കത്തയില്‍ ആരംഭിക്കുന്നത്.
37 വര്‍ഷത്തെ പാര്‍ട്ടിയുടെ വളര്‍ച്ചയും തളര്‍ച്ചയും നയവ്യതിയാനങ്ങളുമെല്ലാം പ്ലീനത്തില്‍ ചര്‍ച്ചയാകും. കോണ്‍ഗ്രസുമായി സഖ്യത്തിന് വാതില്‍ തുറക്കാന്‍ സാധ്യത നല്‍കുന്ന പ്രമേയമായിരിക്കും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്ലീനത്തില്‍ അവതരിപ്പിക്കുക. പാര്‍ട്ടിയില്‍ വരുത്തേണ്ട സമഗ്രമായ മാറ്റങ്ങളെ കുറിച്ച് പ്രമേയത്തില്‍ പറയുന്നുണ്ട്. പിബി അംഗങ്ങള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന് കൊല്‍ക്കത്ത പ്ലീനത്തില്‍ അവതരിപ്പിക്കേണ്ട കരട് പ്രമേയത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് അച്ചടക്കമില്ലായ്മയാണ്. കേന്ദ്രകമ്മറ്റിയംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനാകൂ എന്നും പ്രമേയത്തില്‍ പറയുന്നു. ഇടത് ഐക്യം ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര കമ്മിറ്റി നേതൃത്വം നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസുമായി പശ്ചിമബംഗാളില്‍ സഹകരണ സാധ്യത തുറന്നിടുന്നതാണ് പ്രമേയം. അതേസമയം സിപിഎം ബംഗാള്‍ ഘടകത്തില്‍ യുവാക്കളുടെയും സ്ത്രീകളുടെയും അംഗത്വം കുറയുന്നതായി കൊല്‍ക്കത്ത പ്ലീനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന സംഘടനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ പ്രാതിനിധ്യവും ബംഗാള്‍ ഘടകത്തില്‍ കുറഞ്ഞ് വരുന്നു. ഒരേ രീതിയിലുള്ള നേതാക്കളുടെ പ്രവര്‍ത്തനശൈലി മാറിയില്ലങ്കില്‍ ബംഗാളില്‍ പാര്‍ട്ടിക്ക് വന്‍ പ്രതിസന്ധിയുണ്ടാകുമെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. പന്ത്രണ്ടര ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലിയോടെയാണ് പ്ലീനത്തിന് തുടക്കമാകുന്നത്. കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുന്നതാരായിരിക്കുമെന്നതിന്റെ ട്രെയന്റ് പ്ലീനത്തില്‍ വ്യക്തമാകുമെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.