കേരളത്തിലെ ആദര്‍ശ രാഷ്ട്രീയം പണ്ടേ കഴിഞ്ഞു; അനാവശ്യ ആരോപണമുന്നയിച്ച് ജനങ്ങളുടെ മുന്നില്‍ തന്റെ മുഖം വികൃതമാക്കിയതായും കുമ്മനം രാജശേഖരന്‍

ആലപ്പുഴ: കേരളത്തിലെ ആദര്‍ശ രാഷ്ട്രീയം പണ്ടേ അസ്തമിച്ചെന്നും തനിക്കെതിരെ ചിലര്‍ ആരോപണമുന്നയിച്ച് ജനങ്ങളുടെ മുന്നില്‍ മുഖം വികൃതമാക്കിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇപ്പോള്‍ നടക്കുന്നത് ആശയ രാഷ്ട്രീയമല്ലെന്നും ആമാശയ രാഷ്ട്രീയമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കുമ്മനം. എല്ലാ ആരോപണങ്ങളും പൊളിച്ചടുക്കേണ്ടിയിരിക്കുന്നെന്നും കുമ്മനം പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ കെട്ടിച്ചമക്കുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും. കേരളത്തില്‍ ഇപ്പോള്‍ ഇരുമുന്നണികളും ഒരു അഡ്ജസ്റ്റ്‌മെന്റിലാണ് മുന്നോട്ട് പോകുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പോടെ ഇതിനൊക്കെ അവസാനം ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചവരൊക്കെ ഇപ്പോള്‍ എവിടെപ്പോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കാനുള്ള പലരുടെയും ശ്രമം പരാജയപ്പെട്ടു. കാഷായ വസ്ത്രം ധരിച്ചില്ലെങ്കിലും സന്യാസിയെപ്പോലെയാണ് കുമ്മനത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.