ഒടുവില്‍ അമരത്ത് കുമ്മനം തന്നെ; ബിജെപിയെ നേര്‍വഴിക്ക് നയിക്കാന്‍ കുമ്മനം രാജശേഖരന് നിയോഗം; പാര്‍ട്ടി തീവ്രഹിന്ദുത്വത്തിലേക്ക് നീങ്ങുമോ?

തിരുവനന്തപുരം: ആശയക്കുഴപ്പങ്ങളോ എതിര്‍പ്പുകളോയൊന്നുമില്ലാതെയാണ് കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിക്കൊണ്ട് തിരഞ്ഞെടുത്ത്. ആര്‍എസ്എസ്സിന്റെ പ്രചാരകസ്ഥാനത്തുനിന്ന് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് കുമ്മനം എത്തുമ്പോള്‍ നാല് പതിറ്റാണ്ട് നീണ്ട സംഘടനാ പ്രവര്‍ത്തനം തുണയാകും.
ആര്‍എസ് എസ് പ്രചാരക് ആയ കുമ്മനത്തിന് ഈ സ്ഥാനം പുതിയ സാഹചര്യത്തില്‍ വലിയ വെല്ലുവിളിയാകും. സംസ്ഥാന നേതൃത്വത്തിലെ തമ്മിലടി, എസ്എന്‍ഡിപി സഖ്യം, അസഹിഷ്ണുതവിവാദം ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ കുമ്മനത്തിന് മുന്നിലുണ്ടാകും. സ്വന്തം വീടും ഭൂമിയും ത്യജിച്ച് ആര്‍എസ്എസ്സിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനായി മാറിയ കുമ്മനത്തിന് 40 വര്‍ഷമായി സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളുടെ ഓഫീസുകളാണ് വീട്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ഏറ്റവുമധികം ഹിന്ദുസംഘടനാ പ്രവര്‍ത്തകരെ പേരെടുത്ത് വിളിക്കാനുള്ള പരിചയം ഇദ്ദേഹത്തിനുണ്ട്. സംഘടനയ്ക്ക് അകത്തും പുറത്തുമുള്ള ഈ വ്യാപക ബന്ധങ്ങളാകും ബിജെപിയെ നയിക്കാന്‍ കുമ്മനത്തിന് ബലമാകുക. കോട്ടയം സിഎംഎസ് കോേളജില്‍നിന്ന് ബിരുദം നേടി മുംബൈയില്‍ പത്രപ്രവര്‍ത്തനം പഠിക്കാനിറങ്ങി. 1974ല്‍ ദീപികയില്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങി. പിന്നീട് കേരളഭൂഷണത്തിലും കേരളദേശത്തിലും സബ് എഡിറ്റര്‍. അക്ഷരങ്ങളുടെ ലോകത്ത് നില്‍ക്കുമ്പോഴും ഹിന്ദു സമൂഹത്തിലെ അക്ഷരത്തെറ്റുകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനമായിരുന്നു മനസ്സില്‍. 1981ല്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഉദ്യോഗം ലഭിച്ചെങ്കിലും മനസ് സംഘടനയ്ക്ക് ഒപ്പമായിരുന്നു. അതിനാല്‍ 1983ല്‍ നിലയ്ക്കല്‍ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. സന്ന്യാസി സഭകളുമായി നീണ്ടകാലത്തെ ബന്ധം ബലമായി. ഹിന്ദുസംഘടനാ രംഗത്ത് അതോടെ രാജശേഖരന്‍ എന്ന യുവാവ് കുമ്മനം രാജശേഖരനായി.

kummanam-rajashekharan

1984ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായി. ആ പോരാട്ടത്തില്‍ കേരളത്തെ ഞെട്ടിച്ചുകൊണ്ട് കുമ്മനം രണ്ടാമതെത്തി. പക്ഷേ, അതിനുശേഷം ഇത്രയുംകാലം തിരഞ്ഞെടുപ്പിന്റെയും രാഷ്ട്രീയത്തിന്റെയും വഴികളില്‍നിന്ന് അകന്നുനടന്നു. കെ.ജി.മാരാരെപ്പോലുള്ളവര്‍ ഏറെ നിര്‍ബന്ധിച്ചിട്ടും തന്റെ വഴി പാവപ്പെട്ട ഹിന്ദുക്കളുടെ സാമൂഹികപ്രശ്‌നങ്ങളാണെന്ന് മറുപടി നല്‍കി. കോട്ടയം കുമ്മനം വാളാവള്ളിയില്‍ അഡ്വ.രാമകൃഷ്ണപിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകന്‍ തന്റെ രംഗം തിരഞ്ഞെടുത്തുകഴിഞ്ഞിരുന്നു. 1987ല്‍ ആര്‍എസ്എസ് പ്രചാരകനായി മാറി. ആര്‍എസ്എസ് വിശ്വഹിന്ദുപരിഷത്തിന്റെ ചുമതല ഏല്‍പ്പിച്ചപ്പോള്‍ അതില്‍ ദേശീയ സമിതിയില്‍ വരെ കുമ്മനം എത്തി. മാതാപിതാക്കള്‍ നഷ്ടപ്പെട്ട ആദിവാസിക്കുട്ടികളുടെയുംമറ്റും വിഷമങ്ങള്‍ കണ്ടാണ് കേരളം മുഴുവന്‍ ബാലാശ്രമങ്ങള്‍ തുടങ്ങിയത്. ഹിന്ദു സംഘടനകളുടെ കേരളത്തിലെ ആദ്യ സംരംഭമായിരുന്നു ഇത്.ഹിന്ദുക്കള്‍ക്കിടയിലെ വിവിധ ജാതികള്‍ക്ക് ഒന്നിച്ച് ഒരു കാര്യം പറയാന്‍ വേദിയില്ലെന്നുകണ്ടാണ് ഹിന്ദു ഐക്യവേദിക്ക് തുടക്കമിട്ടത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പല വിവാദങ്ങളിലും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ഹിന്ദുക്കള്‍ക്ക് നേതാവ് ആരെന്ന കെ.കരുണാകരന്റെ ചോദ്യത്തിന് മറുപടിയായിരുന്നു പുതിയ സംഘടന.

Poet Sugathakumari meeting with BJP national president Amit Shah in Thiruvananthapuram on Monday.  State general secretary of the Hindu Aikya Vedi Kummanam Rajasekharan is also seen| Express

ശബരിമലയില്‍ അയ്യപ്പന്‍മാരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തതും പ്രസാദം മോശമായി തയ്യാറാക്കിയതും നിയമവഴിയില്‍ ചോദ്യം ചെയ്തതും ഇദ്ദേഹമായിരുന്നു. ശബരിമലയില്‍ ഹൈക്കോടതി ഇടപെടലും ഇതോടെ വന്നു. ദക്ഷിണേന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും സഞ്ചരിച്ച് അദ്ദേഹം ഗുരുസ്വാമിമാരെ കണ്ട് നിവേദനം തയ്യാറാക്കി. അയ്യപ്പസേവാസമാജത്തിന്റെ തുടക്കം അങ്ങനെ. കൂനങ്കരയില്‍ ശബരി ശരണാശ്രമം തുടങ്ങിയതും അവിടെ അന്നദാനത്തിന് ശ്രമം നടത്തിയതും വിദേശമലയാളികള്‍വരെ സഹകരിച്ച സംരംഭമായി. നരേന്ദ്രമോദി ശബരിമല പാക്കേജ് തയ്യാറാക്കാന്‍ ആളുകളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ ഒന്നാമത് വന്നതും മറ്റാരുമല്ല. പൊതുവായ സാമൂഹികപ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ട അദ്ദേഹം ആറന്‍മുള വിമാനത്താവളവിരുദ്ധ സമരത്തിലും നായകനായി. വിവിധ രാഷ്ട്രീയ കക്ഷികളെ ഒത്തുചേര്‍ത്തുള്ള സമരം മാധവ് ഗാഡ്ഗിലിനെവരെ എത്തിച്ച് വിജയിപ്പിച്ചു. പശ്ചിമഘട്ടത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിലും പാറമടകളുടെ ചൂഷണത്തിന് എതിരായ സമരത്തിലും ഐക്യപ്പെട്ടു. തീവ്രഹിന്ദുത്വവാദിയെന്ന് എതിര്‍പക്ഷം ആരോപിക്കാന്‍ ശേഷിയുള്ള വക്താവ് തന്നെയാണെങ്കിലും ബിജെപിയെ കേരളത്തില്‍ മുന്നോട്ടുനയിക്കാന്‍ എത്രത്തോളം കഴിയുമെന്നതാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.

© 2024 Live Kerala News. All Rights Reserved.