കത്ത് വിവാദം കത്തുമ്പോള്‍ രമേശ് ചെന്നിത്തല അമേരിക്കയിലേക്ക് പറന്നു; ഈ മാസം അവസാനംവരെ ആഭ്യന്തരം ആര്യാടന്

തിരുവനന്തപുരം: കത്ത് വിവാദം കത്തി നില്‍ക്കെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അമേരിക്കയിലേക്ക് പറന്നു. എ കെ ആന്റണിക്കൊപ്പമാണ് ഇന്നലെ രാത്രിയില്‍ ചെന്നിത്തല യുഎസിലേക്ക് തിരിച്ചത്. ഈ മാസം 28ന് ചെന്നിത്തല മടങ്ങിവരുംവരെ ആഭ്യന്തര വകുപ്പ് മന്ത്രി ആര്യാടനാണ് കൈകാര്യം ചെയ്യുക.എ.കെ. ആന്റണിയ്ക്ക് വിദഗ്ധ ചികിത്സയ്ക്കാണ് അമേരിക്കയിലേക്കുള്ള യാത്ര. ന്യൂഡല്‍ഹി, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള ഡോക്ടര്‍മാരാണ് ആന്റണിക്ക് വിദഗ്ധ ചികിത്സ നിര്‍ദ്ദേശിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തലയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച്ച നടത്താന്‍ സാധിച്ചില്ല. നാഷണല്‍ ഹെറാര്‍ഡ് കേസില്‍ ഇരുവരോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് ചെന്നിത്തലയ്ക്ക് കൂടിക്കാഴ്ച്ച നടത്താന്‍ സാധിക്കാതിരുന്നത്. യുഎസിലേക്ക് പോകുന്നതിന് മുന്‍പായി പാര്‍ട്ടി നേതൃത്വത്തെ കാര്യങ്ങള്‍ ബോധിപ്പിക്കാനായിരുന്നു ചെന്നിത്തലയുടെ പദ്ധതി. ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ തൊലിപ്പുറത്തെ ചികിത്സ പോര എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇതേ വാചകങ്ങളും കത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. താന്‍ കത്ത് അയച്ചിട്ടില്ല എന്ന വാദത്തില്‍ ചെന്നിത്തല ഉറച്ചു നില്‍ക്കുമ്പോള്‍ തന്നെ ഐ ഗ്രൂപ്പിന്റെ പൊതുവികാരമാണ് കത്തില്‍ ളള്ളതെന്ന പ്രതികരണമാണ് പുറത്തുവന്നത്. ചെന്നിത്തല സ്ഥലം വിട്ടതോടെ കത്ത് വിവാദം തല്‍ക്കാലം കെട്ടടങ്ങിയിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.