ഡല്‍ഹിസന്ദര്‍ശനം വ്യക്തിപരംമാത്രം; കത്ത് വിവാദം ചര്‍ച്ച ചെയ്യാനല്ലെന്ന് രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: ഡല്‍ഹി സന്ദര്‍ശനം തികച്ചും വ്യക്തിപരമാണെന്നും കത്ത് വിവാദത്തില്‍ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്താനല്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി ഹൈക്കമാന്‍ഡിന് ചെന്നിത്തല അയച്ച കത്ത് മാധ്യമങ്ങളിലൂടെ പുറത്തു വന്നതിന് പിന്നാലെയുള്ള ഡല്‍ഹി സന്ദര്‍ശനം എന്നതിനാലാണ് ഇതിന് രാഷ്ട്രീയ പ്രസക്തി ഏറെയുള്ളത്. ഹൈക്കമാന്‍ഡിന് കത്തയച്ചതിനെ തുടര്‍ന്നുണ്ടായ കോലാഹലങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും തനിക്ക് പറയാനുള്ളതൊക്കെ കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പറഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി യോഗത്തില്‍ പറഞ്ഞതില്‍ അധികമൊന്നും തനിക്ക് ഇക്കാര്യത്തില്‍ പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജത്തിന് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കത്താണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. കോണ്‍ഗ്രസ് പരാജയത്തില്‍ നിന്ന് കരകയറാന്‍ തൊലിപ്പുറത്തെ ചികിത്സ മാത്രം പോരെന്ന് ചെന്നിത്തല പരസ്യമായി പറഞ്ഞ വാക്കുകളും കത്തിലുണ്ട്. കത്ത് അയച്ചത് ചെന്നിത്തലയുടെ ഇമെയിലില്‍നിന്നാണെന്നും കത്ത് കിട്ടിയിട്ടുണ്ടെന്ന് ഹൈക്കമാന്‍ഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടും താന്‍ കത്തയച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രമേശ് ചെന്നിത്തല. അതേസമയം ചെന്നിത്തലയ്‌ക്കെതിരെ എ ഗ്രൂപ്പ് പടവാളോങ്ങി നില്‍ക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.