മുഖ്യമന്ത്രിയെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല; മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടവും അഴിമതിയും തിരിച്ചടിയായി; നേതൃമാറ്റം അനിവാര്യം; ചെന്നിത്തല ഹൈക്കമാന്റിന് കത്ത് നല്‍കി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തുവന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടവും അഴിമതിയുമാണെന്ന് കാണിച്ച് ചെന്നിത്തല ഹൈക്കമാന്റിന് കത്ത് നല്‍കി. ഇക്കാര്യം ഇക്കണോമിക്‌സ് ടൈംസാണ് പുറത്തുവിട്ടത്. എന്നാല്‍ ഈ കത്ത് നല്‍കിയത് എപ്പോഴാണെന്ന് വ്യക്തമല്ല. ഡല്‍ഹിയില്‍ പോയ സമയത്താണ് ഹൈക്കമാന്റിന് കത്തയച്ചത് എന്നാണ് സൂചന.
നേതൃമാറ്റം ആവശ്യമാണെന്നും കത്തിലുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയെന്നും സംസ്ഥാനത്തുണ്ടായ അഴിമതിയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായെന്ന് കത്തില്‍ വിശദീകരിക്കുന്നു. സംസ്ഥാനത്ത് ബിജെപിക്കുണ്ടായ വളര്‍ച്ചയും കത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. എസ്എന്‍ഡിപിയുമായി ബിജെപി സഖ്യത്തിലായി കഴിഞ്ഞു. നേരത്തെ കോണ്‍ഗ്രസിനെ പിന്തുണച്ച എന്‍എസ്എസ് തെരഞ്ഞെടുപ്പില്‍ കൈവിട്ടു. പകരം എല്‍ഡിഎഫിനും ബിജെപിക്കും എന്‍എസ്എസിന്റെ വോട്ട് പോയി. കോണ്‍ഗ്രസ് വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ സമാനമായ രീതിയില്‍ വാര്‍ത്ത വന്നിരുന്നു. സുധീരനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഹൈക്കമാന്റില്‍ പരാതി പറഞ്ഞിരുന്നു. ചെന്നിത്തലയുടെ നീക്കത്തിന് പിന്നില്‍ ചില ഐ ഗ്രൂപ്പിലെ ചില ഉന്നതരുടെ പിന്തുണയുള്ളതായാണ് വിവരം.

© 2024 Live Kerala News. All Rights Reserved.