നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനും ജാമ്യം; പട്യാല കോടതി പരിസരത്ത് വന്‍ ജനാവലി; ഡല്‍ഹിയില്‍ പ്രതിഷേധം അലയടിച്ചു

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കും ജാമ്യം ലഭിച്ചു. ഡല്‍ഹിയിലെ പാട്യാല കോടതിയാണ് സോണിയയും രാഹലും ഉള്‍പ്പടെ ആറുപേര്‍ക്ക് ജാമ്യം അനുവദിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നെഹ്‌റു കുടുംബാംഗങ്ങളുമടക്കം 6 പേരാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. 50,000 രൂപയുടെ ബോണ്ടും ആള്‍ജാമ്യത്തിന്റെയും ഉറപ്പിന്‍മേലാണ് ജാമ്യം. 2016 ഫെബ്രുവരി 20ന് കേസിന് വീണ്ടും ഹാജരാകണം. ജാമ്യത്തിന് മറ്റ് ഉപാധികളില്ലായിരുന്നു. സുമന്‍ ദുബെ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ, സാം പിത്രോദ എന്നിവരാണ് മറ്റുള്ളവര്‍. സോണിയയ്ക്ക് എ.കെ ആന്റണിയും രാഹുലിന് പ്രിയങ്കയും ജാമ്യം നിന്നു. നാഷനല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ സ്വത്ത്, സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരി പങ്കാളിത്തമുള്ള യങ് ഇന്ത്യന്‍ ലിമിറ്റഡ് എന്ന സ്ഥാപനം ഏറ്റെടുത്തതില്‍ വന്‍ അഴിമതി നടന്നുവെന്ന് കാണിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയാണ ഹര്‍ജി നല്‍കിയത്. കേസില്‍ നേരിട്ടു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പട്യാല ഹൗസ് കോടതിയിലെത്തുന്നത്. കോടതി പരിസരത്ത് വന്‍ ജനക്കൂട്ടംതന്നെ നിലയുറപ്പിച്ചിരുന്നു. ബിജെപി പകപോക്കുകയാണെന്ന് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങിലും കുറ്റപ്പെടുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ഇരുവരുടേയും അപേക്ഷ ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനും സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാതെ മുതിര്‍ന്ന നേതാക്കള്‍ കോടതിയില്‍ ഹാജരാകാനും കോണ്‍ഗ്രസ് തീരുമാനിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ഇരുവരും ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയിലെത്തിയത്. കോടതി പരിസരത്ത് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.