നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും ഇന്ന് കോടതിയില്‍ ഹാജരാകും; ജാമ്യപേക്ഷ നല്‍കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ യങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതില്‍ ക്രമക്കേടുകളുണ്ടെന്നാരോപിച്ച് ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ കേസിലാണ് സോണിയഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹിപട്യാല ഹൗസ് കോടതിയില്‍ ഹാജരാവുക.
ഈ കേസില്‍ സ്വീകരിക്കുന്ന നിയമ നടപടികള്‍ കോണ്‍ഗ്രസ് നേതൃത്വം രഹസ്യമാക്കിയിരിക്കുകയാണ്. കേസില്‍ ജാമ്യാപേക്ഷ നല്‍കേണ്ടതില്ല എന്ന നിലപാടാണ് സോണിയയും രാഹുലും സ്വീകരിച്ചിരുന്നത്. എന്നാല്‍, ആവശ്യമായി വന്നാല്‍ ഇരുനേതാക്കളും ജാമ്യാപേക്ഷ നല്‍കണമെന്നാണ് പാര്‍ട്ടി ഉന്നത നേതാക്കളും നിയമവിദഗ്ധരും വാദിക്കുന്നത്. ജാമ്യം ഉള്‍പ്പെടെ നിയമപരമായ എല്ലാ മാര്‍ഗങ്ങളും പാര്‍ട്ടി പരിശോധിക്കുമെന്ന് വെള്ളിയാഴ്ച കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. സോണിയയും രാഹുലും കോടതിയില്‍ ഹാജരാകുമ്പോള്‍ പാര്‍ട്ടി ആസ്ഥാനത്ത് മുഖ്യമന്ത്രിമാര്‍, പി.സി.സി. അധ്യക്ഷന്‍മാര്‍ , എം.പി.മാര്‍ എന്നിവരെ അണിനിരത്തി ധര്‍ണ സംഘടിപ്പിക്കാനുള്ള മുന്‍ തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. ഇത്തരമൊരു നീക്കം ജുഡീഷ്യറിയെ സമ്മര്‍ദത്തിലാക്കുമെന്ന് വ്യാഖ്യാനിക്കപ്പെടും എന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം നിയമപരമായിത്തന്നെ കേസ് നേരിടാനാണ് തീരുമാനം.

© 2024 Live Kerala News. All Rights Reserved.