തിരുവനന്തപുരം: മുന്‍മന്ത്രിമാരായ സി ദിവാകരനെയും മുല്ലക്കര രത്‌നാകരനെയും ഒഴിവാക്കി സിപിഐയില്‍ നിന്നുള്ള മന്ത്രിമാരെ നിശ്ചയിച്ചു. ഇ ചന്ദ്രശേഖരന്‍, വിഎസ് സുനില്‍കുമാര്‍, പി തിലോത്തമന്‍, കെ രാജു എന്നിവര്‍ മന്ത്രിമാരാകും. ചന്ദ്രശേഖരന്‍ തന്നെയാകും സിപിഐ നിയമസഭാകക്ഷി നേതാവ്. മുല്ലക്കരയെ ഒഴിവാക്കുന്നതില്‍ ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. പുതുമുഖങ്ങളെ മന്ത്രിസ്ഥാനത്തേക്കു കൊണ്ടുവരാനുള്ള സിപിഐ ദേശീയനേതൃത്വത്തിന്റെ നിലപാടിനാണ് മുന്‍തൂക്കം ലഭിച്ചത്. ദിവാകരനെ മല്‍സരിപ്പിക്കാനുള്ള തീരുമാനം ആദ്യം തന്നെ നിരാകരിച്ചിരുന്നതാണ്. ലോക്‌സഭാസീറ്റ് വിവാദത്തില്‍പ്പെട്ട ദിവാകരനു കരുനാഗപ്പളളി സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടുവെങ്കിലും വാശിയേറിയ മല്‍സരത്തില്‍ നെടുമങ്ങാട് നിന്ന് അദ്ദേഹം വിജയിച്ചിരുന്നു. അതിനാല്‍ തന്നെ മന്ത്രിസ്ഥാനത്തുനിന്നു ദിവാകരനെ മാറ്റാനാണ് ഇത്തരമൊരു നീക്കവുമായി എത്തുന്നതെന്നാണ് കൊല്ലം ജില്ലാക്കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ വാദം. മുല്ലക്കര മുമ്പ് മന്ത്രിയായതിനാലാണ് ഒഴിവാക്കിയത്.