തിരുവനന്തപുരം: പതിനാലാമത് നിയമസഭയില്‍ സിപിഎം മന്ത്രിമാരുടെ പട്ടികയും വകുപ്പുവിഭജനവും ഏറെക്കുറെ പൂര്‍ത്തിയായി. പിണറായി വിജയന്‍ തന്നെ ആഭ്യന്തരവും വിജിലന്‍സും കൈകാര്യം ചെയ്യും. തോമസ് ഐസക്ക് ( ധനകാര്യം) ജി.സുധാകരന്‍(പൊതുമരാമത്ത്), സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), കെ.കെ.ശൈലജ (ആരോഗ്യം), ഇ.പി.ജയരാജന്‍ (വ്യവസായം), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി), എ.സി.മൊയ്തീന്‍ (സഹകരണം), ടി.പി.രാമകൃഷ്ണന്‍ (തൊഴില്‍, എക്‌സൈസ്), ജെ.മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്, തുറമുഖം) കെ.ടി.ജലീല്‍ (ടൂറിസം) എന്നിങ്ങനെയാണ് മന്ത്രിസ്ഥാനങ്ങള്‍. എ.കെ.ബാലന് പട്ടികവര്‍ഗക്ഷേമത്തിന് പുറമേ ഒരു വകുപ്പുകൂടി ഉണ്ടാകും. ഇവരില്‍ ഐസക്കും ബാലനും സുധാകരനും 2006ലെ വിഎസ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. മന്ത്രിമാരെ തീരുമാനിക്കാന്‍ സിപിഐയുടെ നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങളും ഇന്ന് നടക്കും. ഇ.ചന്ദ്രശേഖരനായിരിക്കും സിപിഐയുടെ നിയമസഭാകക്ഷി നേതാവ്. ഒപ്പം വി.എസ്.സുനില്‍കുമാര്‍, പി.തിലോത്തമന്‍, കെ.രാജു എന്നിവരും മന്ത്രിമാരാകും. സി.ദിവാകരന്റെയും മുല്ലക്കര രത്‌നാകരന്റെയും പേരുകളും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസ് എസിന്റേതു മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി തന്നെ. ജനതാദള്‍ എസില്‍ മാത്യു.ടി.തോമസും കെ.കൃഷ്ണന്‍കുട്ടിയും മന്ത്രിയാകാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറിയിട്ടില്ല. എന്‍സിപിയില്‍ തോമസ് ചാണ്ടിയും, എ.കെ.ശശീന്ദ്രനും അവകാശവാദവുമായുണ്ട്. തര്‍ക്കം. അതിനിടെ, മന്ത്രിമാരുടെ പഴ്‌സനേല്‍ സ്റ്റാഫംഗങ്ങളുടെ എണ്ണം 25 ആയി നിജപ്പെടുത്താന്‍ ഇടതുമുന്നണിയില്‍ ധാരണയായി. 60 വയസ് പിന്നിട്ടവരെ സ്റ്റാഫുകളാക്കില്ല. സത്യപ്രതിജ്ഞാചടങ്ങും ലളിതമായിരിക്കും.