തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്ന മന്ത്രിസഭയില്‍ സിപിഎമ്മിന് 13 മന്ത്രിമാര്‍, സിപിഐക്ക് നാല് മന്ത്രിമാര്‍, മറ്റു ഘടക കക്ഷികള്‍ക്ക് ഓരോ മന്ത്രിമാര്‍ വീതമെന്ന് മുന്നണിയില്‍ ധാരണയായതായി വിവരം. കഴിഞ്ഞ ഇടതുമന്ത്രിസഭയില്‍ പത്തുമന്ത്രിമാരായിരുന്നു സിപിഎമ്മിന്. സിപിഐക്ക് നാലും. സിപിഐ അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സിപിഎമ്മില്‍ നിന്ന് ഇ.പി. ജയരാജന്‍, തോമസ് ഐസക്, എ.കെ. ബാലന്‍, കെ.കെ.ശൈലജ എന്നിവര്‍ മന്ത്രിസഭയില്‍ എത്തും. കടകംപള്ളിസുരേന്ദ്രന്‍, വികെസി മമ്മദ് കോയ, ടി.പി രാമകൃഷ്ണന്‍, സുരേഷ് കുറുപ്പ്, സി.എന്‍.രവീന്ദ്രനാഥ്, എം.എം.മണി, സി കെ ശശീന്ദ്രന്‍, ഐഷാ പോറ്റി, ജെ.മെഴ്‌സിക്കുട്ടിയമ്മ തുടങ്ങിയവരുടെ പേരുകളും സജീവപരിഗണനയിലാണ്. ഇടതു സ്വതന്ത്രനായി മൂന്നാംവട്ടം ജയിച്ചു കയറിയ കെ.ടി. ജലീലിനും നറുക്ക് വീണേക്കും. ജലീലിനും മമ്മദ് കോയക്കും ന്യുനപക്ഷമെന്ന പരിഗണനയിലാവും മന്ത്രിസ്ഥാനങ്ങള്‍ നല്‍കിയേക്കുക. സിപിഐയില്‍ നിന്ന് വി.എസ്.സുനില്‍കുമാര്‍, ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. സി.ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, ഇ.എസ്. ബിജിമോള്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ജെ.ഡി.എസില്‍ നിന്ന് കൃഷ്ണന്‍കുട്ടിയുടെ പേരാണ് സജീവ പരിഗണനയില്‍. എന്‍.സി.പിയില്‍ എ.കെ.ശശീന്ദ്രനും. അതേസമയം വിഎസ് അച്യുതാനന്ദനെ എവിടെ അ്‌കോമഡേറ്റ് ചെയ്യുമെന്ന കാര്യത്തില്‍ സിപിഎമ്മില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്.