കൂപ്പുകൈ ചിഹ്നത്തില്‍ നിന്ന് പിന്നോട്ടില്ല; കമ്മീഷന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നെന്നും വെള്ളാപ്പള്ളി

കൊല്ലം: എസ്എന്‍ഡിപി യുടെ പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മജന്‍ സേനാ പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്നം വേണമെന്ന കാര്യത്തില്‍ പിന്നോട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയ സാഹചര്യത്തിലാണ് പ്രതികരണം. ഇക്കാര്യത്തില്‍ കമ്മീഷന്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. കമ്മീഷന്‍ ഹിയറിംഗ് നടത്തുമ്പോള്‍ അഭിപ്രായം അറിയിക്കും. വെള്ളാപ്പള്ളി പറഞ്ഞു. കൈപ്പത്തി ചിഹ്നവും കൂപ്പുകൈയും തമ്മില്‍ വ്യത്യാസമുണ്ട്. സിപിഎമ്മിന്റെ ചിഹ്നമായ അരിവാള്‍ ചുറ്റികയും സിപിഐ ചിഹ്നമായ അരിവാള്‍ നെല്‍ക്കതിരും തമ്മില്‍ സാമ്യമുണ്ടായിട്ടും ചിഹ്നം അനുവദിച്ചില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു. ചിഹ്നം സംബന്ധിച്ച കോണ്‍ഗ്രസിന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിരുന്നു. കൈപ്പത്തിയോട് സാമ്യമുള്ളതിനാല്‍ കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി. നിലവിലുള്ള ചിഹ്നത്തോട് സാമ്യമുള്ള ചിഹ്നങ്ങള്‍ അനുവദിക്കരുതെന്നാണ് തിരഞ്ഞെടുപ്പ് ചട്ടം. സ്വാമിമാരെ കാണാനല്ല ശിവഗിരിയിലെ ആത്മീയ ചൈതന്യം അറിഞ്ഞാണ് പ്രധാനമന്ത്രി വരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.