ആദ്യ ബുള്ളറ്റ് ട്രയിന്‍ നിര്‍മ്മാണക്കരാര്‍ ജപ്പാനുമായി ഇന്ത്യ ധാരണയായി; ഗുണമേന്‍മയില്ലായ്മയാണ് ചൈനയെ തള്ളാന്‍ കാരണം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മാണക്കരാര്‍ ജപ്പാന് നല്‍കിക്കൊണ്ട് ഇന്ത്യയുടെ തീരുമാനം. 98,000 കോടി രൂപയുടെ പ്രോജക്ടിന് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കരാര്‍ പാസാക്കിയിത്. ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബേയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കരാര്‍ ജപ്പാന് നല്‍കിയതായി സംയുക്ത പ്രസ്താവനയിറക്കും. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ ഉണ്ടായ ബുള്ളറ്റ് ട്രെയിന്‍ അപകടവും കുറഞ്ഞ ചെലവില്‍ ഗുണമേന്‍മ ഇല്ലാത്ത അസംസ്‌കൃത വസ്തുക്കള്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതുമാണ് കരാര്‍ ചൈനയ്ക്ക് നല്‍കാത്തതിന് പിന്നില്‍. തങ്ങള്‍ക്ക് ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ചൈന. ജപ്പാന്റെ സാങ്കേതിക മികവാണ് ഇന്ത്യയുടെ ആദ്യ ഹൈസ്പീഡ് ട്രെയിന്‍ നിര്‍മ്മാണ കരാര്‍ ജപ്പാന് കിട്ടാന്‍ കാരണം. മുംബൈയില്‍ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്കുള്ള 505 കിലോമീറ്റര്‍ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയുടെ സാധ്യതയെ കുറിച്ചും ടോക്കിയോ പഠനം നടത്തി കഴിഞ്ഞു. 2017ല്‍ നിര്‍മ്മാണം ആരംഭിച്ച് 2023ഓടെ ബുള്ളറ്റ് ട്രെയിന്‍ ചലിക്കത്തക്ക രീതിയിലാണ് ടോക്കിയോ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 70 മുതല്‍ 80 ശതമാനം വരെ ട്രെയിന്‍ നിര്‍മ്മാണത്തിനുള്ള ഘടകങ്ങളുടെ റെയില്‍ ഭാഗങ്ങളും ഇന്ത്യയില്‍ തന്നെയാവും നിര്‍മ്മിക്കുക. മുംബൈ മുതല്‍ അഹമ്മദാബാദ് വരെയുള്ള റൂട്ട് ഡല്‍ഹിയിലേക്ക് വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. ബുള്ളറ്റ് ട്രയിന്‍ പദ്ധതി ഇന്ത്യയ്ക്ക് ഏറെ ഗുണപ്രദമാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

© 2024 Live Kerala News. All Rights Reserved.