വെള്ളാപ്പള്ളിയുടെ കൂപ്പുകൈയ്യിനെതിരെ കോണ്‍ഗ്രസ്; ബിഡിജെഎസിന്റെ പാര്‍ട്ടി ചിഹ്നത്തിന് കൈപ്പത്തിയുമായി സാമ്യം; തിരഞ്ഞെടുപ്പുകമ്മീഷ് പരാതി നല്‍കും

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ കൂപ്പുകൈ രാഷ്ട്രീയത്തിന് പണികിട്ടുമോ? രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസിന്റെ കൂപ്പുകൈ ചിഹ്നത്തിന് കൈപ്പത്തിയുമായി സാമ്യമുണ്ടെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുക. കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്.
വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ഒരു പുതിയ സംഭവമല്ല. പുതിയ പാര്‍ട്ടികള്‍ കേരളത്തില്‍ ഒരു പുതിയ കാര്യമല്ലെന്നും വന്ന പോലെ തന്നെ അവ ഇല്ലാതാകുമെന്നും സുധീരന്‍ പറഞ്ഞു. ആര്‍എസ്എസിനെ വളര്‍ത്താനാണ് വെള്ളാപ്പള്ളിയുടെ പാര്‍ട്ടി. സമത്വ മുന്നേറ്റ യാത്രയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

റബറിന്റെ വിലത്തകര്‍ച്ച പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കര്‍ഷക വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് 16ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് സംസ്ഥാനത്തിന്റെ ആശങ്കകളെ തീര്‍ത്തും അവഹേളിക്കുന്നതാണെന്ന് സുധീരന്‍ പറഞ്ഞു.
എസ്എന്‍ഡിപിയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരത് ധര്‍മ ജനസേനയുടെ ചിഹ്നമായി കൂപ്പുകൈ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണിപ്പോള്‍ കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.