മുല്ലപ്പെരിയാര്‍ വൃഷ്ടിപ്രദേശത്ത് മഴയ്ക്ക് നേരിയ ശമനം; തുറന്ന മൂന്ന് ഷട്ടറുകളില്‍ ഒരെണ്ണം അടച്ചു

കുമളി: വൃഷ്ടിപ്രദേശത്ത് മഴനേരിയതോതില്‍ കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ ഡാമിലേക്കുള്ള നീറൊഴുക്ക് കുറഞ്ഞു. ഇതോടെ അണക്കെട്ടിലെ മൂന്നു ഷട്ടറുകളില്‍ ഒരെണ്ണം തമിഴ്‌നാട് അടച്ചു. ഇപ്പോള്‍ 141.7 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2345 ഘനയടി ജലമാണ് ഇപ്പോള്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ജലനിരപ്പ് വീണ്ടും കൂടിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ സ്പില്‍ വേയുടെ മൂന്ന് ഷട്ടറുകള്‍ തുറന്നിരുന്നു. ഷട്ടര്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം ഇടുക്കിയിലേക്ക് തുറന്നുവിട്ടില്ലെങ്കില്‍ ജലനിരപ്പ് 142 അടിക്കു മുകളിലേക്കെത്തുമെന്ന് ഉറപ്പായതോടെ, ഒഴുകിയെത്തുന്ന 5000 ഘനയടിയില്‍ 3000 ഇടുക്കി ഡാമിലേക്കും 2000 തമിഴ്‌നാട്ടിലേക്കും തുറന്നുവിടുകയായിരുന്നു. ഇടയ്ക്ക് 4200 ഘനയടിവരെ വെള്ളം ഇടുക്കിയിലേക്ക് വിട്ടു. ഇന്നലെ 600 ഘനയടിവെള്ളമേ കേരളത്തിലേക്ക് ഒഴുക്കിയുള്ളൂ. അണക്കെട്ടിലേക്ക് 2600 ഘനയടിവെള്ളം പകല്‍ ഒഴുകിയെത്തുന്നുണ്ടായിരുന്നു. ജലനിരപ്പ് 142 അടിയിലെത്തിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി എട്ട് ഷട്ടറുകള്‍ തുറന്നിരുന്നു. ജലനിരപ്പ് കുറഞ്ഞതോടെ പുലര്‍െച്ച ഇവ അടക്കുകയും ചെയ്തു. ആകെ 13 ഷട്ടറുകളാണുള്ളത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പെരിയാര്‍ തീരത്തുനിന്നും 206 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാല്‍ കാര്യമായ ആശങ്കയ്ക്ക് വകയില്ലെന്നാണ് വിദഗ്ധാഭിപ്രായം.

© 2024 Live Kerala News. All Rights Reserved.