നാഷണല്‍ ഹെറാള്‍ഡ് പത്രം യങ് ഇന്ത്യന്‍സ് ലിമിറ്റഡ് ഏറ്റെടുത്തപ്പോള്‍ കടമുള്ള 90കോടി എഴുതിത്തള്ളി; സോണിയഗാന്ധിയും രാഹുല്‍ ഗന്ധിയും ഹാജരാകണമെന്ന് ഹൈകോടതി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രം സോണിയയുടെയും രാഹുലിന്റെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍സ് ലിമിറ്റഡ് ഏറ്റെടുക്കുമ്പോള്‍ നാഷണല്‍ ഹെറാള്‍ഡിന്റെ 90.25 കോടി രൂപയുടെ വായ്പ എഴുതിതള്ളിയതായുള്ള കേസിലാണ് വിചാരണകോടതിയില്‍ ഹാജരകാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
സമന്‍സിനെതിരെ സോണിയയും രാഹുലും നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഇതോടെ ഇരുവരും വിചാരണയ്ക്കായി ഡല്‍ഹി പാട്യാല കോടതിക്ക് മുമ്പാകെ ഹാജരാകേണ്ടിവരും. അതേസമയം, വിധിക്കെതിരെ ഇരുവരും സുപ്രീംകോടതിയെ സമീപിച്ചേക്കും. നാഷണല്‍ ഹെറാള്‍ഡിന്റെ 90.25 കോടി രൂപയുടെ വായ്പ കോണ്‍ഗ്രസ് പാര്‍ട്ടി എഴുതിതള്ളിയതായി ജഡ്ജി സുനില്‍ ഗൗര്‍ നിരീക്ഷിച്ചു.

നാഷണല്‍ ഹെറാള്‍ഡ് പത്രം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് വിശ്വാസ വഞ്ചനയ്ക്കും സാമ്പത്തിക ക്രമക്കേടിനും ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ഇരുവര്‍ക്കുമെതിരെ പരാതി ഫയല്‍ ചെയ്തത്. നിയമം ലംഘിച്ച് സോണിയയും രാഹുലും പത്രത്തിന്റെ ഓഫീസടക്കം വിലമതിക്കുന്ന വസ്തുക്കള്‍ തട്ടിയെടുത്തുവെന്നും പരാതിയില്‍ അദ്ദേഹം ആരോപിക്കുന്നു. 1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ പത്രമാണ് നാഷണല്‍ ഹെറാള്‍ഡ്. സ്വാതന്ത്ര്യ സമരത്തില്‍ മുഖ്യ പങ്കുവഹിച്ച പത്രം സ്വാതന്ത്ര്യാനന്തരം കെടുകാര്യസ്ഥതയുടെയും അലംഭാവവും കാരണം പ്രതിസന്ധിയിലാകുകയായിരുന്നു. നഷ്ടത്തിലായതിനെ തുടര്‍ന്ന് 2008ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് പത്രം പ്രസിദ്ധീകരണം നിര്‍ത്തിയത്. നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന് (എജെഎല്‍) കോണ്‍ഗ്രസ് 90.25 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. എന്നാല്‍ 2010 ഡിസംബര്‍ 28ന് കമ്പനി സോണിയയുടെയും രാഹുലിന്റെയും കീഴിലുള്ള ചാരിറ്റി സ്ഥാപനമായ യങ് ഇന്ത്യയ്ക്ക് കൈമാറുമ്പോള്‍ കമ്പനിയുടെ വായ്പ 50 ലക്ഷമാണെന്നാണ് കാണിച്ചിരിക്കുന്നത്. ഇത് വിശ്വാസ വഞ്ചനയാണെന്ന് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നു. എജെഎല്ലിന് 2000 കോടിയുടെ സമ്പത്തുണ്ടെന്നിരിക്കെ 90 കോടി രൂപ എന്തിന് എഴുതിത്തള്ളണമെന്നും അദ്ദേഹം ചോദിക്കുന്നു. സോണിയയ്ക്കും രാഹുലിനും കനത്ത തിരിച്ചടിയായിരിക്കുകയാണ് കോടതിവിധി

© 2024 Live Kerala News. All Rights Reserved.