നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ കത്തിക്കയറി; 337 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു; പരമ്പര ഇന്ത്യയ്ക്ക്

ന്യൂഡല്‍ഹി: നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് മിന്നുന്ന ജയം. ദക്ഷിണാഫ്രിക്കക്കെതിരെ 337 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേശ് യാദവിന്റെയും പ്രകടനം നിര്‍ണായകമായി. ജഡേജ രണ്ട് വിക്കറ്റെടുത്തു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിന് ഇന്ത്യ വിജയിച്ചു. രണ്ടാം ടെസ്റ്റ് മഴമൂലം ഉപേക്ഷിച്ചിരുന്നു. നേരത്തെ ക്രീസില്‍ പാറപോലെ ഉറച്ച് നിന്ന എബി ഡിവില്ലേഴ്‌സും നായകന്‍ ഹാഷിം അംലയുമാണ് ഇന്ത്യന്‍ വിജയം ഇത്രയേറെ വൈകിപ്പിച്ചത്. ഹാഷിം അംല 244 പന്തില്‍ 25 റണ്‍സെടുത്തപ്പോള്‍ ഡിവില്ലേഴ്‌സ് 297 പന്തില്‍ 43 റണ്‍സെടുത്തു. അംലയുടെ വിക്കറ്റ് ജഡേജയും ഡിവില്ലേഴ്‌സിന്റെ വിക്കറ്റ് അശ്വിനും വീഴ്ത്തി. നേരത്തേ രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ അജിന്‍ക്യ രഹാനെയുടെ കരുത്തില്‍ ഇന്ത്യ കൂറ്റന്‍ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഒന്നരദിവസം ബാക്കിയിരിക്കെ ജയിക്കാന്‍ 481 റണ്‍സ് വേണം. രഹാനെയും അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുമാണ് ഇന്ത്യയെ വന്‍ ലീഡിലേക്ക് നയിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ അഞ്ചിന് 267 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കളി അവസാനിക്കുമ്പോള്‍ രഹാനെയും (100) വൃദ്ധിമാന്‍ സാഹയും (23) ആയിരുന്നു ക്രീസില്‍. ക്യാപ്റ്റന്‍ വിരാട് കോഹ് ലി അര്‍ധസെഞ്ച്വറി (88) നേടി പുറത്തായി. മൂന്ന് സിക്‌സറുകളും എട്ട് ഫോറുകളുമടങ്ങുന്നതാണ് അജിന്‍ക്യ രഹാനെയുടെ നാലാം ടെസ്റ്റിലെ രണ്ടാം സെഞ്ച്വറി. സെഞ്ച്വറി നേടിയതോടെ ഒരു ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി രഹാനെ. വിജയ് ഹസാരെ, സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ്. വിരാട് കോഹ് ലി എന്നിവരാണ് മുമ്പ് രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍. 10 ഫോറുകള്‍ സഹിതമാണ് വിരാട് കോഹ് ലിയുടെ അര്‍ധസെഞ്ച്വറി നേട്ടം. രഹാനെയും കോഹ് ലിയും അഞ്ചാം വിക്കറ്റില്‍ 154 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നാലിന് 190 എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇന്ത്യക്ക് ഇന്ന് വിരാട് കോഹ് ലിയുടെ വിക്കറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്. കൈല്‍ ആബട്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്തായത്. ഏറെ ആവേശകരമായാണ് ഈ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ച്ചവച്ചത്.

© 2024 Live Kerala News. All Rights Reserved.