കിഴക്കമ്പലത്തെ ട്വിന്റി-20യ്ക്ക് ജനാധിപത്യത്തിന് പുല്ലുവിലയാണ്; ഒരു പഞ്ചായത്തിനെ കൈപ്പിടിയിലൊതുക്കിയ കിറ്റക്‌സ് കമ്പനി പഞ്ചായത്തംഗങ്ങള്‍ക്ക് പ്രതിമാസം 15,000 രൂപ കിമ്പളം നല്‍കും; പണക്കൊഴുപ്പിന്റെ മേധാവിത്വത്തിന് മുന്നില്‍ എന്ത് ജനാധിപത്യം?

കൊച്ചി: കോടികള്‍ ഇറക്കി ജനാധിപത്യ സംവിധാനങ്ങളെതന്നെ അട്ടിമറിച്ചാണ് കിഴക്കമ്പലത്തെ കിറ്റക്‌സ് കമ്പനി കിഴക്കമ്പലം പഞ്ചായത്ത് പിടിച്ചത്. ട്വിന്റി-20 എന്ന പേരില്‍ സംഘടനയുണ്ടാക്കിയായിരുന്നു തദേശ തിരഞ്ഞെടുപ്പില്‍ കിറ്റക്‌സ് പഞ്ചായത്ത് പിടിച്ചത്. കിഴക്കമ്പലം പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ട്വന്റി-20യുടെ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 3500 രൂപയ്ക്ക് പുറമെ മാസം 15000 രൂപ വീതം നല്‍കുമെന്നാണ് കിറ്റക്‌സ് പ്രതിനിധി സാബു എം ജേക്കബ് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മാസം നല്‍കുന്ന ഓണറേറിയത്തിന് പുറമെ സ്വകാര്യ കമ്പനിയായ കിറ്റക്‌സിന്റെ പ്രതിനിധി പൊതുസദസ് മുന്‍പാകെ പ്രഖ്യാപിച്ച ഈ കോഴപ്പണം ഇനി വാങ്ങണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അംഗങ്ങളാണ്്. നേരത്തെ പാര്‍ലമെന്റില്‍ ഭേദഗതി ചെയ്ത കമ്പനി നിയമം അനുസരിച്ച് 1000 കോടിയിലധികം വിറ്റുവരവോ 500 കോടി രൂപ അറ്റാദായമോ അഞ്ചുകോടി രൂപയിലധികം ലാഭമോ ഉള്ള എല്ലാ കമ്പനികളും അവരുടെ ലാഭത്തിന്റെ രണ്ടുശതമാനം കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റിക്കായി ചെലവഴിക്കണം. പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി എടുത്ത ശക്തമായ നിലപാടിന്റെ പുറത്ത് സ്വകാര്യ കമ്പനികളൊക്കെ ലാഭത്തിന്റെ ഒരു വിഹിതം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കുവാന്‍ തുടങ്ങി. സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ഏത് സ്ഥലത്താണോ അതിനു പരിസരത്താകണം ഈ പണം ചെലവഴിക്കേണ്ടതെന്നും ഈ നിയമം പറയുന്നുണ്ട്.

11kimka03_Twent_IM_2581596f

സിഎസ്ആര്‍ കമ്പനിക്ക് വേണമെങ്കില്‍ നേരിട്ട് ചെലവഴിക്കാം. അല്ലെങ്കില്‍ ട്രസ്റ്റോ സൊസൈറ്റിയോ രൂപീകരിച്ച് പണം ചെലവഴിക്കാം. കിറ്റക്‌സ് കമ്പനിയാകട്ടെ ഇതുപയോഗിച്ചാണ് ട്വന്റി20 രൂപീകരിച്ചതും, തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും. ഈ വ്യവസ്ഥകള്‍ പ്രകാരം തന്നെയാണ് ഇപ്പോള്‍ ട്വന്റി20യുടെ പേരില്‍ കിറ്റക്‌സിന്റെ പണം അംഗങ്ങള്‍ക്കായി മാസപ്പടി പ്രഖ്യാപിച്ചതും. നിലവില്‍ പഞ്ചായത്ത് മെംബര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം 3500 രൂപയാണ്. പഞ്ചായത്ത് പ്രസിഡന്റിന് 6600ഉം, വൈസ് പ്രസിഡന്റിന് 5300ഉം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 4100 രൂപയാണ്. ഈ ലഭിക്കുന്ന പണം കൊണ്ട് ജീവിക്കാന്‍ ആകില്ലെന്നും അതിനാലാണ് ഇവര്‍ക്ക് മാസം 15000 രൂപ വീതം കൊടുക്കുവാന്‍ തീരുമാനം എടുത്തതെന്നും സാബു ജേക്കബ് വ്യക്തമാക്കി.കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിഹ്നം അനുവദിച്ച് കിട്ടുന്നതിലുളള ബുദ്ധിമുട്ടടക്കം ധാരാളം പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇത് മുന്‍ നിര്‍ത്തി തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലപാടുകള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിന് ആപല്‍ സൂചന നല്‍കുന്ന ഇത്തരം കോര്‍പറേറ്റ് സംഘടനകളുടെ ഭരണം പിടിച്ചെടുക്കല്‍ ഭാവിയിലുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല.

© 2024 Live Kerala News. All Rights Reserved.