കിളിമാനൂര്‍ കൂട്ട ആത്മഹത്യയിലെ ദുരൂഹത ഒഴിയുന്നില്ല; ജാസ്മിന്റെ ബന്ധുക്കളായ രണ്ട് പേര്‍ അറസ്റ്റില്‍; നാസറും മുംതാസും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നു

തിരുവനന്തപുരം: കിളിമാനൂര്‍ സ്വദേശികളായ ജാസ്മിന്‍ (30), മകള്‍ ഫാത്തിമ (നാലര) എന്നിവര്‍ ആക്കുളം കായലില്‍ ചാടി മരിച്ച സംഭവത്തിലെ ദുരൂഹ വിട്ടൊഴിയുന്നില്ല. പിന്നീട് ജാസ്മിന്റെ സഹോദരി സജിനിയും ആത്മഹത്യ ചെയ്തിരുന്നു. സാമ്പത്തിക വെട്ടിപ്പ് മാത്രമാണെന്ന് പറയുമ്പോഴും ഗൗരവതരമായ മറ്റെന്തോ ഉള്ളതായാണ് പറയപ്പെടുന്നത്. ഇക്കാര്യത്തില്‍ പൊലീസും ഇരുട്ടില്‍ തപ്പുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ രണ്ടു സ്ത്രീകള്‍ കൂടി അറസ്റ്റില്‍. കുടുംബത്തിനു ചീത്തപ്പേര് ഉണ്ടാക്കി എന്ന വാചകവും ആത്മഹത്യാക്കുറിപ്പിലുണ്ട്. ഇക്കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ടു ബ്ലാക്ക്‌മെയ്‌ലിങ് നടന്നതായാണു നിഗമനം. മുംതാസിന്റെയും മെഹര്‍ബാന്റെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിലെ എല്ലാ ഡേറ്റയും നശിപ്പിച്ച നിലയിലാണ്. വിദഗ്ധരുടെ സഹായത്തോടെ ഇവരുടെ കോള്‍ രേഖകള്‍ പരിശോധിക്കുമെന്നു പൊലീസ് അറിയിച്ചു.മുംതാസും നാസറും തമ്മിലുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് നാട്ടില്‍ കഥകളും ഇറങ്ങിയിട്ടുണ്ട്.

ജാസ്മിനിന്റെ മാതൃസഹോദരിമാരായ കിളിമാനൂര്‍ ഈരാണിമുക്ക് കൈതയില്‍ മുംതാസ് (50), പുതുശ്ശേരിമുക്ക് പാവല്ലയില്‍ മെഹര്‍ബാന്‍ (52) എന്നിവരെയാണു പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ജാസ്മിനിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഇവരെപ്പറ്റി പരാമര്‍ശിച്ചിരുന്നു. ബന്ധുവും കുടുംബസുഹൃത്തുമായ നാസറിനെ ഈ സംഭവത്തില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. നാസറും ഇപ്പോള്‍ അറസ്റ്റിലായ സ്ത്രീകളും ചേര്‍ന്നു സാമ്പത്തികമായി വഞ്ചിച്ചുവെന്നാണു ജാസ്മിനിന്റെ ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശം. നാസറിനെതിരെ ആത്മഹത്യാ പ്രേരണയ്ക്കും വഞ്ചനയ്ക്കുമാണു കേസെടുത്തത്. മുംതാസിനും മെഹര്‍ബാനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണു കേസെടുത്തത്. മറ്റു കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷ് അറിയിച്ചു. എന്നാല്‍ സംഭവത്തിന് പിന്നില്‍ മറ്റെന്തോ സംഭവിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ പൊലീസിനും സംശമില്ല. അതേക്കുറിച്ചുള്ള അന്വേഷണമാണിപ്പോള്‍ നടക്കുന്നത്.

© 2024 Live Kerala News. All Rights Reserved.