മാഗി നൂഡില്‍സ് അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തി; ഇപ്പോഴിതാ മാഗിയുടെ പാസ്തയിലും മായം കണ്ടെത്തിയിരിക്കുന്നു

ലക്‌നൗ: ബഹുരാഷ്ട്ര കമ്പനിയായ നെസ്ലെയുടെ മാഗി നൂഡില്‍സിലെ മായമായിരുന്നു കുറെക്കാലം വാര്‍ത്തയും ചര്‍ച്ചകളും. എന്നാല്‍ നൂഡില്‍സില്‍ മായമില്ലെന്നുള്ള റിപ്പോര്‍ട്ട് വന്നതോടെ അത് തിരിച്ചെത്തി. ഇപ്പോഴിതാ മാഗി പാസ്തയില്‍ മായമെന്ന് ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. ഗുണനിലവാര തകര്‍ച്ചയും മായം കലര്‍ന്നതും മൂലം മാഗി ന്യൂഡില്‍സ് സംസ്ഥാനങ്ങള്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് നിരോധിച്ചിരുന്നു. നിരോധന ശേഷം ഗുണനിലവാരം ഉറപ്പാക്കി മാഗി ന്യൂഡില്‍സ് വിപണിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് നെസ്ലേയ്ക്ക് അടുത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഉത്തര്‍പ്രദേശിലെ മാവുവിലുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലാബിലെ പരിശോധനയില്‍ നെസ്ലേയുടെ പാസ്തയില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്്. ലെഡിന്റെ അംശം അപകടകരമാം വിധം പാസ്തയിലുള്ളതായാണ് പരിശോധനയില്‍ കണ്ടെത്തല്‍. നെസ്ലേയുടെ വിതരണക്കാരില്‍ നിന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലാബില്‍ പരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളിലാണ് ലെഡിന്റെ അംശം ക്രമാതീതമായി കണ്ടെത്തിയത്. മാവുവിലുള്ള നാഷണല്‍ ഫുഡ് അനാലിസിസി ലാബോറട്ടറിയില്‍ മക്രോണി പാസ്ത പരിശോധിക്കവെയാണ് ഗുണനിലവാര തകര്‍ച്ചയും മായവും ശ്രദ്ധയില്‍ പെട്ടതെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥന്‍ അരവിന്ദ് യാദവ് വ്യക്തമാക്കിയത്.

ഭക്ഷണത്തില്‍ ലെഡിന്റെ സാന്നിധ്യം 2.5പിപിഎം(പാര്‍ട്‌സ് പെര്‍ മില്യണ്‍) വരെ ആകാമെന്നാണ്. എന്നാല്‍ നെസ്ലേയുടെ പാസ്തയില്‍ കണ്ടെത്തിയത് 6പിപിഎം എന്ന ഉയര്‍ന്ന ലെഡ് നിരക്കാണ്. നെസ്ലെയ്ക്ക് നോട്ടീസ് അയക്കുന്നതോടൊപ്പം റിപ്പോര്‍ട്ട് ഉത്തര്‍ പ്രദേശിലെ ഭക്ഷ്യ സുരക്ഷാ മേധാവിയ്ക്കും അയച്ചു കഴിഞ്ഞു. സുരക്ഷിതമല്ലാത്ത ഭക്ഷണ പട്ടികയിലാണ് ഇപ്പോള്‍ നെസ്ലേയുടെ പാസ്തയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ മഗി പാസ്ത നിരോധിക്കുന്നതുള്‍പ്പെടെയുള്ള നടപടിിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.