സ്ത്രീകള്‍ കഴിവുകെട്ടവരായതിനാല്‍ പൊതുഭരണം ഏല്‍പ്പിക്കാനാവില്ല; കുടുംബവും കുട്ടികളുടെ സംരക്ഷണവുമാണ് അവര്‍ക്ക് അനുയോജ്യമെന്നും കാന്തപുരം എ പി അബുബക്കര്‍ മുസ്ല്യാര്‍

മലപ്പുറം: സ്ത്രീകള്‍ പുരുഷനെ അപേക്ഷിച്ച് കഴിവ് തീരെ കുറഞ്ഞവരായതിനാല്‍ പൊതുഭരണം അവരെ ഏല്‍പ്പിച്ചാല്‍ നാട് തന്നെ തകര്‍ന്നില്ലാതാകുമെന്ന് സുന്നി എപി വിഭാഗം നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. തിരൂരങ്ങാടി കൊടിഞ്ഞി മര്‍കസുല്‍ ഹുദ വിദ്യാഭ്യാസ സമുച്ചയവും ദശദിന പ്രഭാഷണ സമാപന സമ്മേളനവും ഉദ്ഘാടനം നടത്തവെയാണ് സ്ത്രീകളെ അവഹേളിക്കുന്ന പ്രസ്താവന കാന്തപുരം നടത്തിയത്.
സ്ത്രീകള്‍ പൊതുവെ കഴിവിന്റെ കാര്യത്തില്‍ ഏറെ പിന്നോക്കമാണെന്ന് പ്രകൃതിപരമായി തന്നെ എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. എന്നാല്‍ കുടുംബ പരിപാലനം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ പുരുഷനില്ലാത്ത പല കഴിവുകളും സ്ത്രീകള്‍ക്ക് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യവിശ്വാസികളുടെ വിശ്വാസം പിഴപ്പിക്കുന്ന ഗൂഢശക്തികളുടെ നീക്കത്തെ ജാഗ്രതയോടെ കാണണമെന്നും അവസാന കാലഘട്ടം വരുമ്പോള്‍ വിശ്വാസം സംരക്ഷിക്കുവാന്‍ വലിയ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരുമെന്ന് അന്ത്യപ്രവാചകന്‍ പ്രസ്താവിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. മുമ്പും സ്ത്രീകളെ അവഹേളിക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ നടത്തി വിവാദത്തില്‍പ്പെട്ടയാളാണ് കാന്തപുരം. ഒരു പുരുഷന് ഒരു ഭാര്യയെക്കൊണ്ട് പൂര്‍ണ്ണതയുണ്ടാകില്ലെന്ന കാന്തപുരത്തിന്റെ അഭിപ്രായത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. തദ്ധേശഭരണസ്ഥാപനങ്ങളിലെ 50ശതമാനം സ്ത്രീസംവരണവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിലാണ് ദൂരവ്യാപകപ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന അഭിപ്രായം കാന്തപുരം നടത്തിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.