വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ബാങ്കുകള്‍ക്ക് നടപടി സ്വീകരിക്കാം; ജപ്തിക്കിറങ്ങുന്ന ബാങ്കുകളെ പിന്തുണച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റലി

ന്യൂഡല്‍ഹി: വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ഇടപാടുകാര്‍ക്കെതിരെ ഏതു നടപടിയുമായി ബാങ്കുകള്‍ക്ക് മുന്നോട്ടുപോകാന്‍ അവകാശമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ബാങ്കുവായ്പ കരുതിക്കൂട്ടി തിരിച്ചടയ്ക്കാതിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ ബാങ്കുകള്‍ക്ക് പൂര്‍ണ അധികാരം നല്‍കും. പൊതുമേഖലാബാങ്കുകളുടെ കിട്ടാക്കടം കൂടിവരികയാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 5.20 ശതമാനമായിരുന്നു കിട്ടാക്കടം. ജൂണില്‍ അത് 6.03 ശതമാനമായി. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പൊതുമേഖലാബാങ്ക് മേധാവികളുമായി ധനമന്ത്രി ചര്‍ച്ചചെയ്തു. റിസര്‍വ് ബാങ്ക് നേരത്തേതന്നെ ഇതര ബാങ്കുകള്‍ക്ക് ഇതുസംബന്ധിച്ച് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹംപറഞ്ഞു. പാപ്പരത്ത വിഷയവുമായി ബന്ധപ്പെട്ട് പുതിയൊരു നിയമം കൊണ്ടുവരാന്‍ ആലോചനയുണ്ട്. വായ്പ എടുത്ത് കടബാധ്യതയിലായവരുടെ സ്വത്തുവകകള്‍ ജപ്തിചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളുമായി ബാങ്കുകള്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ബാങ്കുകള്‍ളുടെ നടപടിക്ക് മന്ത്രിതന്നെ ഇന്ധനം പകരുന്നത്. കാര്‍ഷിക വായ്പയെടുത്ത് കടത്തിലായ കര്‍ഷകര്‍ വിദര്‍ഭ, ആന്ധ്ര, വയനാട് എന്നിവിടങ്ങളില്‍ ആതമഹത്യ ചെയ്യുന്നത് പതിവായിരുന്നു. ഒരുമാസം മുമ്പ് വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത കര്‍ഷകനെ വയനാട്ടില്‍ അറസ്റ്റ് ചെയ്ത് ജയിലിടച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.