മാലിന്യം ഭക്ഷിക്കുന്ന ആദിവാസി കുഞ്ഞുങ്ങളോട് മാപ്പപേക്ഷിച്ച് മോഹന്‍ലാലിന്റെ ബ്ലോഗ്

മാതൃഭൂമി പത്രത്തില്‍ ആഴ്ച്ചകള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച കണ്ണൂരില്‍ മാലിന്യക്കൂനയില്‍ വിശപ്പടക്കുന്ന ആദിവാസി ബാലന്‍മാരെക്കുറിച്ചുളള വാര്‍ത്ത പരാമര്‍ശിച്ച് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. ഈ വിശപ്പിന് മുന്നില്‍ മാപ്പ് എന്ന തലക്കെട്ടിലാണ് ബ്ലോഗ്.
ആദിവാസികളുടെ ക്ഷേമത്തിനായി വന്‍തുകകള്‍ ചെലവഴിച്ചിട്ടും പല പദ്ധതികള്‍ നടപ്പാക്കിയിട്ടും അവര്‍ നഗരത്തില്‍ വന്ന് ഉച്ഛിഷ്ടം ഭക്ഷിക്കുകയാണ്. ഭരിക്കുന്ന മന്ത്രിമാര്‍ മുതല്‍ സാധാരണ പൗരന്‍മാര്‍ വരെ ഇതില്‍ കുറ്റക്കാരാണ്. നമുക്കാര്‍ക്കും ആത്മാര്‍ത്ഥത ഇല്ല. മനുഷ്യന് വേണ്ടി നിലകൊള്ളുന്ന നിയമവും മനസ്സും നമുക്കില്ല. ഇത്രയും പദ്ധതികളും പണവും എവിടെ പോയി എന്നും ഇനി അതൊക്കെ വേണ്ട വിധത്തിലാണ് ചെലവഴിച്ചതെങ്കില്‍ എന്തുകൊണ്ടാണ് ഈ കുട്ടികള്‍ ഇങ്ങനെ ജീവിക്കുന്നത് എന്നും നാം അന്വേഷിക്കണം.

ഇത്ര വലിയ വാര്‍ത്തയെ മറന്ന് നാം തെരഞ്ഞെടുപ്പിന്റെയും ബാര്‍ കോഴയുടെയും രാജി വയ്ക്കലിന്റെ ഉത്സവകാഴ്ചകളിലേക്ക് പോയി. പരിഹാസങ്ങളും പരദൂഷണങ്ങളും വ്യക്തിഹത്യകളും ഷെയര്‍ ചെയ്യല്ലാണോ നാം കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്നും ലാല്‍. മാലിന്യം ഭക്ഷണമാക്കുന്ന ഈ ചിത്രത്തിനും വാര്‍ത്തയ്ക്കും മുന്നില്‍ മനുഷ്യന്‍ എന്ന നിലയിലും മലയാളി എന്ന നിലയിലും ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ആളെന്ന നിലയിലും ഞാന്‍ ലജ്ജിച്ച് കുറ്റബോധത്തോടെ തലതാഴ്ത്തി കണ്ണീരണിഞ്ഞ് നില്‍ക്കുന്നു. ഈ മഹാപാപത്തില്‍ നിന്ന് ഒരു ഭാഗം ഞാനും പങ്കിട്ടെടുക്കുന്നു. ഏറെ വികാരപരമായ മോഹന്‍ലാലിന്റെ ബ്ലോഗ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.