ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തു CL-20 ഇനി ഇന്ത്യന്‍ സൈന്യത്തില്‍

 

ലോകത്തിലെ ഏറ്റവും ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തു CL-20 ഇനിമുതല്‍ ഇന്ത്യന്‍ സൈന്യത്തിലും. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ(ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍)യാണ് ഇത് വികസിപ്പിച്ചെടുത്തത്.

അണുവായുധം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംഹാരശേഷിയുള്ള സ്‌ഫോടക വസ്തുവാണ് CL-20. നിലവില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളേക്കാള്‍ ഭാരം കുറവാണിതിന്. അതുകൊണ്ടുതന്നെ മിസൈലുകളില്‍ ഘടിപ്പിക്കുന്ന പോര്‍മുനകളുടെ വലിപ്പവും ഭാരവും കുറയ്ക്കാന്‍ സിഎല്‍-20 ഉപയോഗിക്കുന്നതിലൂടെ കഴിയും.

ആര്‍ഡിഎക്‌സ് പോലുള്ള സ്‌ഫോടക വസ്തുക്കളേക്കാള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതും സുരക്ഷിതത്വം കൂടുതലുള്ളതുമാണ് സിഎല്‍-20. എന്നാല്‍ ഇവയേക്കാള്‍ 20 ഇരട്ടി സ്‌ഫോടന ശേഷി ഇതിനുണ്ട്. അതെസമയം ഇതിന്റെ ഭാരിച്ച നിര്‍മ്മാണച്ചെലവ് താങ്ങാവുന്നതിലുമപ്പുറമാണ്. ഒരു കിലോ ആര്‍ഡിഎക്‌സ് നിര്‍മ്മിക്കുന്നതിന് 6000 രൂപ മാത്രമാണ് ചെലവു വരുന്നതെങ്കില്‍ ഒരു കിലോ CL-20യുടെ നിര്‍മ്മാണത്തിന് 70,000 രൂപയാണ്.

എന്നിരുന്നാലും ഇതിനോടകം 100 കിലോയോളം സിഎല്‍-20 ഇന്ത്യ
നിര്‍മ്മിച്ച് സൂക്ഷിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പോര്‍മുനകളില്‍ സിഎല്‍-20 സ്ഥാനമുറപ്പിച്ചേക്കും.

അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡോ. അര്‍നോള്‍ഡ് നെല്‍സന്‍ 1987ലാണ് ഒക്ടാ നൈട്രോ ക്യുബേന്‍ അഥവാ സിഎല്‍-20 എന്ന സ്‌ഫോടകവസ്തു കണ്ടുപിടിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.