കരിങ്കോഴക്കല്‍ മാണി കോഴയില്‍ പുറത്തേക്ക്…

 

 

തന്റെ തറവാട്ടുപേര് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ തന്നെ കോഴയുടെ കരിനിഴലില്‍ മന്ത്രിസ്ഥാനം രാജി വെക്കാനായിരുന്നു മാണിയുടെ വിധി. 1959ല്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതമാണ് കോഴയില്‍ തകര്‍ന്ന് തരിപ്പണമായത്. 1975ല്‍ ഡിസംബര്‍ 26ന് അച്യുതമേനോന്‍ മന്ത്രിസഭയിലാണ് മാണി ആദ്യമായി മന്ത്രിയാകുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം കുപ്രസിദ്ധിയോടെ 2015ലെ ഡിസംബറിന്റെ പടിവാതില്‍ക്കല്‍ മാണി പടിയിറങ്ങുകയാണ്.

2014 നവംബര്‍ 1നാണ് പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി ധനമന്ത്രിയായിരുന്ന മാണി ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ബാറുടമ ബിജു രമേശ് ആരോപണമുന്നയിക്കുന്നത്. തുടര്‍ന്ന് അതേവര്‍ഷം ഡിസംബര്‍ 10ന് മാണിയെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം ആരംഭിക്കുകയായിരുന്നു.

udf-meeting

തുടര്‍ന്ന് ബാര്‍കോഴയില്‍ ആരോപണ വിധേയനും കോഴ വാങ്ങി ബജറ്റില്‍ ഇടപെടലുകള്‍ നടത്തി എന്ന ആരോപണവുമുള്ള മാണി സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിലെ ധാര്‍മ്മികത വലിയ ചര്‍ച്ചാവിഷയമായി. ഇതെത്തുടര്‍ന്ന് 2015 മാര്‍ച്ച് 13ന് നടന്ന ബജറ്റ് അവതരണം തടയാന്‍ ശ്രമിച്ചത് വന്‍ വിവാദമാവുകയും ചെയ്തു.

കഴിഞ്ഞ മാസം 29നാണ് ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടത്. എന്നാല്‍ കോടതി ഉത്തരവിനെതിരെ വിജിലന്‍സ് ഹൈക്കോടതിയെ സമീപിക്കുകയും ഇതെതുടര്‍ന്ന് ഹൈക്കോടതി നടത്തിയ പരാമര്‍ശവുമാണ് മാണിയുടെ രാജിയിലേക്ക് നയിച്ചത്.

maani km_0

ഹൈക്കോടതി പരാമര്‍ശങ്ങളില്‍ മാണിക്കെതിരെ വ്യക്തിപരമായ പ്രയോഗങ്ങളില്ലെന്ന്പറഞ്ഞ് സാങ്കേതികമായി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും യുഡിഎഫിനുള്ളില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ്സിനുള്ളില്‍ നിന്നുയര്‍ന്ന ശക്തമായ എതിര്‍പ്പും രാജി എന്ന തീരുമാനത്തിലേക്ക് മാണിയെ കൊണ്ടുചെന്നെത്തിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.