കിവീസിനെതിരെ ഓസീസ് മുന്നില്‍; വാര്‍ണറിന് രണ്ടാം സെഞ്ചുറി

 

ന്യൂസിലാന്‍ഡിനെതിയായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് മുന്നില്‍. ഒന്നാം ഇന്നിംഗ്‌സില്‍ 239 റണ്‍സ് ലീഡ് നേടിയ ഓസീസ് രണ്ട് ദിനവും ആറു വിക്കറ്റും ബാക്കിനില്‍ക്കെ 503 റണ്‍സിന്റെ ലീഡിലാണ് നില്‍ക്കുന്നത്.

രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറി (116)ന്റെയും ജോ ബേണ്‍സി (129)ന്റെയും സെഞ്ചുറികളുടെ ബലത്തിലാണ് കൂറ്റന്‍ ലീഡ് നേടിയത്. ആക്രമണ ബാറ്റിംഗ് കെട്ടഴിച്ച വാര്‍ണറും ബേണ്‍സും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 37.4 ഓവറില്‍ 237 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ആദ്യ ഇന്നിംഗ്‌സിലും വാര്‍ണര്‍ സെഞ്ചുറി നേടിയിരുന്നു. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 264ന് 4 എന്ന നിലയിലാണ് ഓസ്‌ട്രേലിയ.

നേരത്തെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 556 റണ്‍സിനു മറുപടി നല്‍കാനിറങ്ങിയ കിവീസ് 317ന് എല്ലാവരും പുറത്തായി. കേന്‍ വില്ല്യംസണിന്റെ സെഞ്ചുറിയാണ് ന്യൂസിലാന്‍ഡിനെ വന്‍ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. വില്ല്യംസണ്‍ 140 റണ്‍സ് നേടി പുറത്തായി. ടോം ലാതം(47), വാട്‌ലിംഗ്(32) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും വില്ല്യംസണു പിന്തുണ നല്‍കാന്‍ സാധിച്ചില്ല.