ജമാഅത്തു ദഅ്‌വയും, ഫലാഹി-ഇന്‍സാനിത് ഫൗണ്ടേഷനും ലഷ്‌കറെ തോയിബയുടെ ഗ്രൂപ്പുകളെന്ന് പാകിസ്താന്‍; ഭീകരസംഘടനകള്‍ക്ക് മീഡിയ കവറേജ് കൊടുക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് സര്‍ക്കുലര്‍

ഇസ്ലമാബാദ്; ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തീവ്രവാദി സംഘടനകള്‍ക്ക് പാകിസ്താനില്‍ മീഡിയ കവറേജ് കൊടുക്കുന്നത് നിരോധിച്ചുകൊണ്ട് പാക് ഗവണ്‍മെന്റ് സര്‍ക്കുലര്‍ പുറത്തിറക്കി. ഇതാദ്യമായാണ് പാകിസ്താന്‍ ഗവണ്‍മെന്റ് ഇലക്ട്രോണിക് ഉള്‍പ്പെടെയുളള എല്ലാ മാധ്യമങ്ങള്‍ക്കും തീവ്രവാദി സംഘടനകളുടെ വാര്‍ത്തകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കുന്നത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നേരത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ യുഎസ് പ്രധാനമന്ത്രി ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഈ തീരുമാനം എടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

പാകിസ്താനിലെ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് എല്ലാ സാറ്റലൈറ്റ് ടിവി ചാനലുകള്‍ക്കും, റേഡിയോ സ്‌റ്റേഷനുകള്‍ക്കുമായി പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ലഷ്‌കറെ തോയിബ, ജമാഅത്തു ദഅ്‌വ, ഫലാഹി-ഇന്‍സാനിത് ഫൗണ്ടേഷന്‍ എന്നിവയുടെ വാര്‍ത്തകളും, അവരുടെ സാമുഹിക സേവനവുമായി ബന്ധപ്പെട്ട പണപ്പിരിവുകളുടെ വാര്‍ത്തകളും എന്നിങ്ങനെ യാതൊന്നും സംപ്രേക്ഷണം ചെയ്യരുതെന്നാണ് കര്‍ശന നിര്‍ദേശം. ഇത് കൂടാതെ അറുപതോളം സംഘടനകളുടെ വാര്‍ത്തകള്‍ക്ക് എതിരെയും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പന്ത്രണ്ടോളം ഇതര സംഘടനകളെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയ്യിദടങ്ങുന്ന  ലഷ്‌കറെ തോയിബയുടെ ഭാഗമായ ഗ്രൂപ്പുകളാണ് ജമാഅത്തു ദഅ്‌വ, ഫലാഹി-ഇന്‍സാനിത് ഫൗണ്ടേഷന്‍ എന്ന കാര്യവും മാധ്യമങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പാകിസ്താന്‍ ആദ്യമായി അംഗീകരിക്കുന്നുണ്ട്. അതേസമയം സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത മാധ്യമങ്ങളുടെ ലൈസന്‍സ് പിന്‍വലിക്കുമെന്നും, പിഴ ഈടാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

courtesy : southlive.in

© 2024 Live Kerala News. All Rights Reserved.