അസഹിഷ്ണുതയ്ക്ക് എതിരെ പ്രതികരിച്ച എല്ലാവരെയും പാകിസ്താനിലേക്ക് ക്ഷണിച്ച് മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സഈദ്

ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച നടന്‍ ഷാരൂഖ് ഖാനെ പാകിസ്താനിലേക്ക് ക്ഷണിച്ച് ഹാഫിസ് സഈദ്. 2011ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ എന്നാരോപിക്കുന്ന ഹാഫിസ് സഈദിനെ വിട്ടുകിട്ടണമെന്ന് നിരന്തരം ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെടുമ്പോളാണ് ഇന്ത്യക്കാര്‍ക്ക് ഹാഫിസിന്റെ ക്ഷണം ലഭിച്ചിരിക്കുന്നത്. നരേന്ദ്രമോഡി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് കൈക്കൊള്ളുന്ന വര്‍ഗീയ നിലപാടുകളിലും, വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയിലും പ്രതിഷേധിച്ച എല്ലാ ബുദ്ധിജീവികളെയും, ഷാരുഖ് ഖാന്‍ ഉള്‍പ്പെടെ മുസ്ലീമായതിന്റെ പേരില്‍ ഇന്ത്യയില്‍ വിവേചനം അനുഭവിക്കുന്ന എല്ലാവരെയും പാകിസ്താനിലേക്ക് ക്ഷണിക്കുന്നുവെന്നാണ് ഹാഫിസ് സഈദ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നെന്ന് കഴിഞ്ഞദിവസം പ്രതികരിച്ച ഷാരുഖ് ഖാന്‍ പാകിസ്താന്‍ ഏജന്റാണെന്നും, പാകിസ്താനിലേക്ക് പോവുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും ബിജെപി നേതാവായ സാധ്വി പ്രാചി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹാഫിസിന്റെ ക്ഷണം.

നേരത്തെയും രാജ്യത്ത് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് എതിരെ പ്രതികരിച്ച പലരോടും പാകിസ്താനില്‍ പൊയ്‌ക്കൊള്ളുവാന്‍ പല ബിജെപി നേതാക്കളും ആഹ്വാനം ചെയ്തിരുന്നു. ഹാഫിസ് സഈദ് നേതൃത്വം കൊടുക്കുന്ന ജമാഅത്തു ദഅ്‌വ അടക്കം പാകിസ്താനിലെ തീവ്രവാദി ഗ്രൂപ്പുകളുടെ വാര്‍ത്തകള്‍ നല്‍കുന്നത് നിരോധിച്ച് കഴിഞ്ഞദിവസമാണ് പാകിസ്താന്‍ ഉത്തരവിറക്കിയത്. ഭീകരസംഘടനയായ ലഷ്‌കറെ തോയിബയുടെ മറ്റൊരു ഗ്രൂപ്പാണ് ജമാഅത്തു ദഅ്‌വ എന്നകാര്യം കഴിഞ്ഞ ദിവസമാണ് പാകിസ്താന്‍ തുറന്ന് സമ്മതിച്ചതും.

 

courtesy : southlive

© 2024 Live Kerala News. All Rights Reserved.