ടെറി ഫെലാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍

 

മുന്‍ അയര്‍ലന്‍ഡ് ദേശീയതാരം ടെറി ഫെലാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ മുഖ്യപരിശീലകന്‍. പീറ്റര്‍ ടെയ്‌ലര്‍ രാജി വച്ച ഒഴിവിലാണ് ടെറി ഫെലാനെ നിയമിച്ചത്. ടീമിന്റെ മോശം പ്രകടനം മൂലമാണ് മുന്‍ ഇംഗ്ലണ്ട് താരം കൂടിയായ ടെയ്‌ലര്‍ രാജി വെച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രാസ്‌റൂട്ട് പ്രോഗ്രാമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറാണ് ഫെലാന്‍.

1984 മുതല്‍ 2009 വരെ ലെഫ്റ്റ് വിംഗ്ബാക്ക് സ്ഥാനത്ത് കളിച്ചിരുന്ന ഫെലാന് കളത്തിനകത്തും പുറത്തുമായി ഏറെ അനുഭവ സമ്പത്തുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, എവര്‍ട്ടണ്‍, ക്രിസ്റ്റല്‍ പാലസ് ക്ലബുകളുടെ പ്രധാന താരമായിരുന്നു. അയര്‍ലന്‍ഡ് ദേശീയ ടീമിനായി 1994ലെ ലോകകപ്പിലടക്കം 42 കളികളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്.

ക്ലബ്ബിനൊപ്പം ഒരു വര്‍ഷത്തോളമായി ഫെലാനുള്ളത് ഏറെ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ടീം മാനേജ്‌മെന്റ്. ഐഎസ്എല്ലില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഇനിയുള്ള ഏഴു കളികളിലും ജയിച്ചാല്‍ മാത്രമേ ടീമിന് സെമിയിലെത്താനാവൂ. നാലിന് കൊച്ചിയില്‍ പൂന സിറ്റിയുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

© 2024 Live Kerala News. All Rights Reserved.